പാങ്ങോട് പോലീസ് സ്റ്റേഷനില്‍ പച്ചത്തുരുത്ത്

post

**പാങ്ങോട് പോലീസ് സ്റ്റേഷനിലെ  പച്ചത്തുരുത്ത്  ഡി. കെ മുരളി എം. എല്‍. എ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം:  സംസ്ഥാനത്ത് ആദ്യമായാണ് പോലീസ് സ്റ്റേഷനോട് ചേര്‍ന്ന്  പച്ചത്തുരുത്ത് ഒരുക്കിയത്. 'രണാങ്കണം' എന്നാണ് ഈ പച്ചത്തുരുത്തിന്  നാമകരണം ചെയ്തിരിക്കുന്നത്. പോലീസ് സ്റ്റേഷനോടും പഴയ പാങ്ങോട് പോലീസ് ഔട്ട് പോസ്റ്റിനോടും  ചേര്‍ന്നുള്ള 30 സെന്റ് സ്ഥലമാണ് ഇതിനായി പാകപ്പെടുത്തിയെടുത്തത്.ശിംശിബാ മരം തുടങ്ങി നിരവധി ഫലവൃക്ഷത്തൈകളാണ്  നട്ടുവളര്‍ത്തിയിരിക്കുന്നത്. മുളകള്‍ കൊണ്ട് മനോഹരമായ അതിര്‍ത്തിയും  ഒരുക്കി.  ചരിഞ്ഞ പ്രതലത്തില്‍ ചെടികള്‍ നടാനായി കയര്‍ ഭൂവസ്ത്രം ഉപയോഗപ്പെടുത്തി.  സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ശ്രമിക്കാന്‍ ആയി മുളകൊണ്ട് നിര്‍മ്മിച്ച കൂടാരങ്ങളും ഇവിടെയുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍ ആണ് ഇവയെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്.  പരിപാലനവും  ഇവര്‍ തന്നെ  നിര്‍വഹിക്കും.
ചടങ്ങില്‍ പാങ്ങോട്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീത അധ്യക്ഷയായി. ഹരിത കേരളം മിഷന്‍ സ്റ്റേറ്റ് ടെക്‌നിക്കല്‍ ഓഫീസര്‍ ഹരിപ്രിയ ദേവി പദ്ധതി വിശദീകരണം നടത്തി.  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലളിതകുമാരി,  ജില്ലാ പഞ്ചായത്ത് അംഗം എസ്. എം. റാസി,  ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എം. ഷാഫി,  ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റെജീന,  അന്‍സാരി, സുഭാഷ്, ആറ്റിങ്ങല്‍  ഡി.വൈ.എസ്.പി  ബേബി, ഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍  തുടങ്ങിയവര്‍ പങ്കെടുത്തു. 
 പച്ചത്തുരുത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച  പാങ്ങോട്  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനീഷ്, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി എ. ഇ എന്നിവരെ എം.എല്‍.എ   ആദരിച്ചു. പച്ചത്തുരുത്ത് നിര്‍മ്മാണത്തില്‍ പങ്കാളികളായ മുഴുവന്‍  തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും  മൊമെന്റോയും ചടങ്ങില്‍  വിതരണം ചെയ്തു.  തുടര്‍ന്ന് പാങ്ങോട് പോലീസ് സ്റ്റേഷനിലെ ജീവനക്കാരും കുടുംബാംഗങ്ങളും ചേര്‍ന്ന് ഒരുക്കിയ ഗാനമേളയും ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.