ആസാദി കാ അമൃത് മഹോത്സവം ജില്ലാ തല ആഘോഷം: ചരിത്രം ക്യാൻവാസിൽ ചാലിച്ച് ചിത്രകലാ ക്യാമ്പ്

post


കാസറഗോഡ് :  ബ്രിട്ടീഷ്ഭരണ കൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പടപൊരുതിയ ചരിത്രം പറയുന്ന കാടകം വന സത്യാഗ്രഹത്തിനെ ഓർമിപ്പിക്കുന്നതായിരുന്നു ഓരോ ക്യാൻവാസും. വനവും പൊരുതുന്ന മനുഷ്യരും  പ്രതിരോധവുമൊക്കെ ചിത്രരചനയ്ക്ക് പ്രമേയമായി. ആസാദി കാ അമൃത് മഹോത്സവം ജില്ലാതല ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ജില്ലാ ഇൻഫർമേഷൻ ഓഫീസും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും ചേർന്ന് ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചത്.  കാറഡുക്ക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ  പ്രശസ്ത ചിത്രകാരൻ സി കുഞ്ഞമ്പു നായർ കുഞ്ഞുചിത്രകാരൻ വി. ജീവന് പെയിന്റിംഗ്   നൽകി ചിത്രകലാ ക്യാമ്പിന്  തുടക്കം കുറിച്ചു. രണ്ട് മണിക്കൂറോളം നീണ്ട ചിത്രകലാ ക്യാമ്പിൽ 7 വയസുകാരൻ ജീവൻ വി മുതൽ 85 വയസുള്ള സി.കുഞ്ഞമ്പു നായർ വരെ പങ്കാളികളായി. 

ചിത്രകലാ ക്യാമ്പിൽ ശ്രദ്ധേയമായി രണ്ടാം ക്ലാസുകാരൻ ജീവൻ

ചിത്രകലാ ക്യാമ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരനായിരുന്നു ജീവൻ വി.  കൃഷിയും  വനവും ചുവപ്പണിഞ്ഞ മലയും  ജീവന്റെ ക്യാൻവാസിൽ മനോഹരമായി തെളിഞ്ഞു. ഇരിയണ്ണി ഗവൺമെന്റ് ഹയർസെക്കൻഡറി സ്ക്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയായ ജീവൻ വി താരമായത് 2021 ൽ അന്നത്തെ ധനകാര്യ മന്ത്രി ഡോ ടി എം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനു ശേഷമാണ്. മന്ത്രി അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിന്റെ കവർ പേജായി ഉപയോഗിച്ചത് ജീവൻ വരച്ച ചിത്രമായിരുന്നു. ജീവന്റെ വരകൾ എന്ന ഫേസ്ബുക്ക് പേജിൽ സജീവമായ ജീവന്റെ ഫോട്ടോകൾ കണ്ടാണ് മന്ത്രി ആകൃഷ്ടനായത്. വരകളും വർണങ്ങളുമായി ഇപ്പോഴും സജീവമാണ് കുഞ്ഞു ജീവൻ.