വിമർശനാത്മക ചിന്താശേഷി വളർത്തുന്നതിൽ വായനശാലകൾ പ്രധാനം: മുഖ്യമന്ത്രി

post


കണ്ണൂർ: വിവരങ്ങളെ വിമർശനാത്മകമായി സമീപിക്കാനുള്ള ശേഷി വളർത്തുന്നതിൽ വായനശാലകളുടെ പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്മെന്റ് ജില്ലയിൽ ഒരുക്കിയ നൂറ് ലൈബ്രറികളുടെ പ്രഖ്യാപനം കണ്ണൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വ്യാജവാർത്തകൾ വഴിതെറ്റിക്കാനുള്ള സാധ്യതകൾ ഏറെയുള്ള കാലമാണിത്. മാധ്യമങ്ങൾക്ക് സമൂഹത്തിൽ വലിയ സ്ഥാനം ഉണ്ട്. എന്നാൽ മാധ്യമങ്ങൾ നിരന്തരം എത്തിക്കുന്ന വാർത്തകളിൽ അവരെ നിയന്ത്രിക്കുന്ന സാമ്പത്തിക ശക്തികളുടെ താൽപര്യങ്ങളുണ്ടെന്ന് തിരിച്ചറിയാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അറിവ് എല്ലാവർക്കും പ്രാപ്യമാവുന്ന നിലയിൽ സാമൂഹ്യ പുരോഗതിക്കും പൊതുനൻമയ്ക്കും പ്രയോജനപ്പെടണമെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. അറിവിന്റെ ഉൽപാദനത്തിനും വിതരണത്തിനുമുള്ള കേന്ദ്രങ്ങളായി വായനശാലകളെ മാറ്റാനുള്ള ജനകീയ ഇടപെടൽ എന്നതാണ് പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്മെന്റിന്റെ സവിശേഷത. തദ്ദേശീയ അറിവ് ഉൾപ്പാദിപ്പിക്കുന്ന ഇടങ്ങളായിക്കൂടി ഇവ മാറണം. ശാസ്ത്രസാങ്കേതിക വളർച്ചയുടെ ഭാഗമായി മനുഷ്യ രാശി കൈവരിച്ച പുരോഗതി എല്ലാ ജനവിഭാഗങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. വായനയിലും വലിയ മാറ്റം വരുന്നുണ്ട്. നൂതന സംവിധാനങ്ങളിൽ അധിഷ്ഠിതമായ ഒരു വായനശാല സംസ്‌കാരം നാട്ടിൽ വളർന്നുവരുന്നുണ്ട്. തൊഴിൽ നൈപുണ്യ പരിശീലനം, മത്സരപരീക്ഷാ പരിശീലനം, ഓൺലൈൻ വിദ്യാഭ്യാസം പ്രദേശികകാലാവസ്ഥനിരീക്ഷണം എന്നിങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങളാണ് വായനശാലകളിൽ നടക്കാൻ പോവുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഡോ. വി ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ ലൈബ്രറി കൗൺസിലും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് 114 ലൈബ്രറികൾ സ്ഥാപിച്ചത്. ഭൂരിഭാഗം ലൈബ്രറികളും ആദിവാസി പിന്നോക്കമേഖലയിൽ ആണെന്നതും അഭിനന്ദനാർഹമാണ്. ടിപത്മനാഭൻ, എം മുകുന്ദൻ, എം വി ജയരാജൻ എന്നിവർ സ്വന്തം പുസ്തശേഖരം ലൈബ്രറികൾക്ക് കൈമാറാൻ എടുത്ത തീരുമാനം സാംസ്‌കാരിക ലോകത്തിന് ഈ ഉദ്യമത്തോടുള്ള മികച്ച പ്രതികരണമാണ് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും വിപുലമായ ലൈബ്രറി പ്രസ്ഥാനമുള്ള സംസ്ഥാനമാണ് കേരളമെന്ന് ടി പത്മനാഭൻ പറഞ്ഞു. പണ്ട് കാലത്ത് എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക മാത്രമല്ല, സ്വാതന്ത്ര്യ സമരത്തിന് യുവാക്കളെ സജ്ജരാക്കുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു വായനശാലകൾക്ക്. സമീപകാലത്ത് വായനശാലകൾക്ക് വലിയ ഉണർവുണ്ടായിട്ടുണ്ട്. സർക്കാരിന്റെ നിർലോഭമായ സഹകരണമാണ് ഇതിന് സഹായകമായത്. പുസ്തക പ്രസാധന ശാലകളും സന്ദർഭം ഉപയോഗപ്പെടുത്തി വളരുന്നുണ്ട് -ടി പത്മനാഭൻ പറഞ്ഞു.

നൂറ് വസന്തം എന്ന പേരിൽ കണ്ണൂർ കേരള ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ ഡോ. വി ശിവദാസൻ എം പി അധ്യക്ഷനായി. എം മുകുന്ദന്റെ പുസ്തകശേഖരം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങി. പ്രൊഫ. ബി മുഹമ്മദ് അഹമ്മദിന്റെ പുസ്തക ശേഖരം മന്ത്രി എം വി ഗോവിന്ദൻമാസ്റ്ററും എം വി ജയരാജന്റെ പുസ്തകശഖരം ടി പത്മനാഭനും ഏറ്റുവാങ്ങി. ലൈബ്രറികൾക്കുള്ള പുരസ്‌കാരം 11 ലൈബ്രറികൾ ഒരുക്കിയ ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ചന്ദ്രശേഖരൻ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററിൽനിന്ന് ഏറ്റുവാങ്ങി.