തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നടപ്പു വര്‍ഷം 21,000 കോടി രൂപ നല്‍കും : മന്ത്രി എ സി മൊയ്തീന്‍

post

തൃശൂര്‍ : വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് 21,000 കോടി രൂപ നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. തൃശൂര്‍ ടൗണ്‍ഹാളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ സംസ്ഥാന മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍കെഎല്‍എസ്) പ്രകാരം പ്രളയബാധിതരുടെ വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പലിശയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഏറെ സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കിലും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനായി എന്നും മന്ത്രി വ്യക്തമാക്കി. ഈയിനത്തില്‍ 6000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അവരുടെ വിഹിതത്തില്‍ നിന്ന് വെട്ടിക്കുറച്ചത്. എന്നാല്‍ അത് അര്‍ഹരായവര്‍ക്ക് പ്രളയാനുകൂല്യം നല്‍കുന്നതിന് തടസ്സം ഉണ്ടാക്കിയിട്ടില്ലെന്നും കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങള്‍ പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായിയെന്നും മന്ത്രി പറഞ്ഞു.

ചെറുകിട സംരംഭങ്ങളെ വളര്‍ത്തികൊണ്ടുവരാനുള്ള സാധ്യത സംസ്ഥാന സര്‍ക്കാര്‍ ഇനിയും കണ്ടെത്തും. കുടുംബശ്രീയെ ഇനിയും വരുമാനം വര്‍ധിപ്പിക്കുന്ന രീതിയിലേക്ക് മാറ്റും. ഇതിന്റെ ഭാഗമായി ബജറ്റില്‍ 1000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഷീ ലോഡ്ജ്, ഔട്ട് ലെറ്റുകള്‍, പെട്രോള്‍ പമ്പ് കേന്ദ്രീകരിച്ചുള്ള ടോയ്‌ലറ്റുകള്‍ എന്നിവ സജ്ജമാക്കി കൂടുതല്‍ പേര്‍ക്ക് തൊഴിലുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് പഞ്ചായത്ത് തലത്തില്‍ സ്ഥലം പാട്ടത്തിനെടുത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒരു കോടി വൃക്ഷത്തൈ വച്ചുപിടിപ്പിക്കും. 2000 ഔട്ട്‌ലെറ്റുകളിലായി കുടുംബശ്രീ ചിക്കന്‍ പദ്ധതി നടപ്പിലാക്കും. ഇതോടൊപ്പം കോഴി വളര്‍ത്തല്‍ പദ്ധതിയും ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍കെഎല്‍എസ് പദ്ധതി പ്രകാരം അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കിയ വായ്പയുടെ തിരിച്ചടവ് മാര്‍ച്ച് 31 വരെയുള്ള പലിശയായ 131.18 കോടി രൂപയാണ് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ലഭിച്ച തുകയാണിത്. 1,95,514 അയല്‍ക്കൂട്ടങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ജില്ലയിലെ എട്ട് സി ഡി എസുകള്‍ക്ക് തുക വിതരണം ചെയ്താണ് മന്ത്രി സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചത്. കൊടുങ്ങല്ലൂര്‍ സി ഡി എസ് 1 ആണ് ഏറ്റവും കൂടുതല്‍ വായ്പ ലഭ്യമാക്കിയിട്ടുള്ളത്. 17.40 കോടി രൂപ. ഈ സി ഡി എസിനാണ് ഏറ്റവും കൂടുതല്‍ പലിശ വിഹിതം ലഭിച്ചിട്ടുള്ളത്. 1,57,89,177 രൂപ. മറ്റു സി ഡി എസുകളായ പറപ്പൂക്കര (15,59,3100 കോടി), എടത്തിരുത്തി (1,14,71,034 കോടി), കാടുകുറ്റി (1,10,49,171 കോടി), വരന്തരപ്പിള്ളി (1,06,02,194 കോടി), മണലൂര്‍ (1,04,98,920 കോടി), പടിയൂര്‍ (1,04,66,274 കോടി), ചാലക്കുടി (1,00,45,649 കോടി) എന്നിവയ്ക്കും പലിശ വിഹിതം ലഭിച്ചു.