കരുതല്‍ രണ്ടാം ഘട്ടത്തിലേക്ക്; സൗജന്യ പരിശോധനയ്ക്കും ചികിത്സയ്ക്കും പദ്ധതി

post

കണ്ണൂര്‍ : പിണറായി ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കുന്ന കരുതല്‍ ആരോഗ്യം പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. രണ്ടാം ഘട്ടത്തില്‍ ആദ്യമായി കണ്ണ് പരിശോധനയും ആവശ്യമുള്ളവര്‍ക്ക് കണ്ണടകളും ചികിത്സയും സൗജന്യമായി നല്‍കാനാണ് തീരുമാനം. തുടര്‍ന്ന് മറ്റ് രോഗങ്ങള്‍ക്കുള്ള പരിശോധനകളും ചികിത്സയും നടത്തും. ജീവിതശൈലീ രോഗങ്ങളും രോഗ സാധ്യതകളും കണ്ടെത്തി ആവശ്യമായ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തില്‍ കരുതല്‍ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് ആര്‍ഹരായവരെ കണ്ടെത്തുകയായിരുന്നു ഒന്നാംഘട്ടം. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ആരംഭിച്ച പദ്ധതിയില്‍ 12 നും 60 നും ഇടയില്‍ പ്രായമുള്ള 31,509 പേരില്‍ 8919 പേര്‍ക്കാണ് ജീവിതശൈലീ രോഗങ്ങള്‍ പരിശോധിച്ച് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമായിരുന്നു പദ്ധതി.

വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ക്യാമ്പുകള്‍ വഴിയാണ് ഒന്നാം ഘട്ടത്തില്‍ ജനങ്ങളുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചത്. പിണറായി ഗ്രാമ പഞ്ചായത്തിലെ 19 വാര്‍ഡുകളിലായി 45 ക്യാമ്പുകളാണ് നടത്തിയത്. കുട്ടികളുടെ ആരോഗ്യ പരിശോധന നടത്തുന്നതിനായി പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ക്യാമ്പുകള്‍ നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ശേഖരിച്ച രക്ത സാമ്പിളുകള്‍ പരിശോധിച്ചതിന് ശേഷം ഫലം രേഖപ്പെടുത്തിയ കാര്‍ഡാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്. 12 മുതല്‍ 60 വയസുവരെയുള്ളവരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ഒന്നാം ഘട്ടത്തില്‍ ആരോഗ്യ കാര്‍ഡ് വിതരണം ചെയ്തത്. 12 മുതല്‍ 19 വയസുവരെയുള്ളവരുടെ കാര്‍ഡുകളില്‍ ഹീമോഗ്ലോബിന്‍, രക്തസമ്മര്‍ദ്ദം, തൈറോയിഡ്, ഷുഗര്‍ എന്നിവയും ഇവയ്ക്ക് പുറമെ 20 മുതല്‍ 30 വയസുവരെയുള്ളവരുടെ കാര്‍ഡുകളില്‍ കൊളസ്‌ട്രോളും 30 വയസിന് മുകളിലുള്ളവര്‍ക്ക് കൊളസ്‌ട്രോള്‍, ക്രീയറ്റിന്‍ എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങള്‍ക്ക് പുറമെ ഓരോ വ്യക്തിയുടെയും പേര്, വയസ്, വാര്‍ഡ് നമ്പര്‍ തുടങ്ങിയവയും രോഗങ്ങള്‍ ഒഴിവാക്കാന്‍ ഓരോ വ്യക്തിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും കാര്‍ഡില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, പിണറായി ഗ്രാമ പഞ്ചായത്ത്, പിണറായി സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ ആളുകള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗീതമ്മ പറഞ്ഞു. യുവാക്കളെയാണ് പദ്ധതിയിലൂടെ കൂടുതലായും ലക്ഷ്യമിടുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുകയോ ജീവിതശൈലീ രോഗങ്ങള്‍ പരിശോധിക്കുകയോ ചെയ്യാറില്ല. അതുകൊണ്ട് തന്നെ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതകള്‍ കൂടുതലാണെന്നും അവര്‍ വ്യക്തമാക്കി. ഹെല്‍ത്ത് കാര്‍ഡുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സ സൗജന്യമാക്കാനുള്ള പദ്ധതിയും പഞ്ചായത്തിന്റെ ആലോചനയിലുണ്ട്.