സ്ത്രീപക്ഷ നവകേരളത്തിനായി കുടുംബശ്രീ

post


പത്തനംതിട്ട: സ്ത്രീധനത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരെ കുടുംബശ്രീ നടത്തുന്ന സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്‍  ഈ മാസം എട്ടിന് സമാപിക്കും. മാര്‍ച്ച് എട്ടിന് പത്തനംതിട്ട അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന വനിതാദിന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി അയല്‍ക്കൂട്ടങ്ങളിലും ഓക്സിലറി ഗ്രൂപ്പുകളിലും സ്ത്രീധനവും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.


സ്ത്രീപക്ഷ നവകേരളം പരിപാടിയുടെ ആശയ പ്രചാരത്തിനായി ചുവര്‍ച്ചിത്ര ക്യാമ്പയിന്‍, സ്ത്രീധനവും സ്ത്രീധന പീഡനവും വിഷയമാക്കിക്കൊണ്ടുള്ള അഭിപ്രായ സര്‍വേ, വിളംബരറാലി, സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍, ശാസ്ത്രബോധം സ്ത്രീകളില്‍ എന്ന വിഷയത്തില്‍ വെബിനാര്‍, സ്നേഹിത ക്യാമ്പയിന്‍, ജെന്‍ഡര്‍ വാര്‍ത്താബോര്‍ഡ് സ്ഥാപിക്കല്‍, ബാലസഭാ കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍, ആശയപ്രചാരണത്തിനായി ജെന്‍ഡര്‍ റീല്‍സ്, കാര്‍ട്ടൂണുകള്‍ എന്നിവ സിഡിഎസുകളില്‍ സംഘടിപ്പിച്ചു. അയല്‍ക്കൂട്ട അംഗങ്ങള്‍ വിജിലന്റ്ഗ്രൂപ്പ് അംഗങ്ങള്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പ്രാദേശികതലത്തില്‍ നടന്നത്. ആശയ പ്രചാരണത്തിനായി സിഗ്‌നേച്ചര്‍

ക്യാമ്പയിനും കാല്‍നട ജാഥകള്‍, ടൂവീലര്‍ റാലി എന്നിവയും സംഘടിപ്പിച്ചു. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സിഡിഎസ് തലത്തില്‍ ജെന്‍ഡര്‍ വാര്‍ത്താ ബോര്‍ഡുകള്‍  സ്ഥാപിക്കും. സിഡിഎസ്തല കര്‍മ പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ മാര്‍ച്ച് എട്ടിന് തയാറാക്കും. സ്ത്രീപക്ഷ നവകേരളം എന്ന ആശയവുമായി കുടുംബശ്രീ സംഘടിപ്പിക്കുന്ന സ്ത്രീശക്തി കലാ ജാഥ മാര്‍ച്ച് ഒന്‍പത് മുതല്‍ 18 വരെ പത്തനംതിട്ട ജില്ലയില്‍ പര്യടനം നടത്തും. ബാലസഭ കുട്ടികള്‍ക്കായി സ്ത്രീധനവും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമവും എന്ന വിഷയവുമായി ബന്ധപ്പെടുത്തി ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്ക് കഥ, കവിത, ഉപന്യാസം, ചിത്ര രചന (കളര്‍ പെന്‍സില്‍) മത്സരങ്ങളും നടത്തും. തെരഞ്ഞെടുക്കപ്പെട്ട ഒന്നും രണ്ടും സ്ഥാനത്തിന് അര്‍ഹരാകുന്ന കുട്ടികള്‍ക്കും ജെന്‍ഡര്‍ റീല്‍സ് തയാറാക്കി നല്‍കിയ ഓക്സിലറി - അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും ജില്ലാതലത്തില്‍ സമ്മാനങ്ങള്‍ നല്‍കും.