വീടുകളില്‍ എത്തും കൊടിയത്തൂര്‍ പഞ്ചായത്തിന്റെ വൃക്ഷത്തൈകള്‍

കൊടിയത്തൂരില്‍ നഴ്‌സറി ഫാമിങ് പദ്ധതി
കോഴിക്കോട്: പരിസ്ഥിതി സംരക്ഷണം വീട്ടില്‍ നിന്നും എന്ന ലക്ഷ്യത്തോടെ കൊടിയത്തൂര്‍ പഞ്ചായത്തിന്റെ നഴ്‌സറി ഫാമിങ് പദ്ധതി. പരിസ്ഥിതി ദിനത്തില്‍ പഞ്ചായത്തിലെ 2000-ത്തിലേറെ വീടുകളിലേക്ക് വിതരണം ചെയ്യാനുള്ള വൃക്ഷത്തൈകളാണ് പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് കെട്ടിടത്തിന് പിറകുവശത്തുള്ള തരിശു ഭൂമിയില്‍ മണ്ണിട്ട് കൃഷിയോഗ്യമാക്കി വിത്തുകള്‍ മുളപ്പിച്ച് തൈകള്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം.
തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് തൈകളുടെ പരിപാലനവും മേല്‍നോട്ടവും. നെല്ലി, മാതളം, സീതപ്പഴം, പേര തുടങ്ങി 15-ലേറെ വ്യത്യസ്ത ഇനത്തിലുള്ള തൈകളാണ് ഇവിടെ നട്ടുപിടിപ്പിക്കുന്നത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പഞ്ചായത്തില്‍ ജൈവവൈവിധ്യ ഉദ്യാനങ്ങളും ഒരുക്കുന്നുണ്ട്. സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഫലവൃക്ഷതൈകള്‍ക്ക് പുറമെ ഔഷധ സസ്യങ്ങളും വീടുകളില്‍ എത്തിക്കും.
ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനത്തില്‍ പഞ്ചായത്തിലെ എല്ലാ വീടുകളിലും തൈകള്‍ എത്തിക്കുകയാണ് ലക്ഷ്യം. നെല്ലി, ആര്യവേപ്പ്, ലക്ഷ്മിതരു, കണിക്കൊന്ന, മാതളം, മാവ്, പ്ലാവ്, ചെറുനാരങ്ങ, കറിവേപ്പ് എന്നിവയുടെ തൈകള്‍ ഉടന്‍ എത്തിച്ച് വിതരണത്തിനായി സജ്ജമാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പറഞ്ഞു.