പ്രവര്‍ത്തനങ്ങള്‍ താഴേ തട്ടിലേക്ക്; 'വിഷന്‍ ബില്‍ഡിംഗ്' ശില്പശാലയൊരുക്കി കുടുംബശ്രീ

post


കൊല്ലം: കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലേക്ക് വ്യാപിപ്പിച്ച് പ്രവര്‍ത്തന മികവൊരുക്കാന്‍ സി. ഡി. എസ്. ചെയര്‍പേഴ്‌സണ്‍മാര്‍ക്കായി 'വിഷന്‍ ബില്‍ഡിംഗ്' ശില്പശാല സംഘടിപ്പിച്ചു. സി.കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍  നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി. ഐ. ശ്രീവിദ്യ നിര്‍വഹിച്ചു.സ്ത്രീകളിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനവും സാമ്പത്തിക - സാമൂഹിക ശാക്തീകരണവുമാണ് കുടുംബശ്രീ മിഷന്‍ ലക്ഷ്യമിടുന്നത്. മൂന്ന് വര്‍ഷത്തിലൊരിക്കലാണ് കുടുംബശ്രീ തിരഞ്ഞെടുപ്പ് നടത്തുന്നത്. നിലവില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍, വരുന്ന മൂന്ന് വര്‍ഷ കാലയളവില്‍ കൂട്ടായ തീരുമാനങ്ങള്‍ എടുക്കാന്‍ ഓരോ സി. ഡി. എസിന്റെ നേതൃത്വത്തിലുള്ള ഭരണസംവിധാനത്തിനും കഴിയണം.


സംഘടന സംവിധാനത്തിലൂടെ സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാവും. കുടുംബശ്രീ മുഖേന ലഭ്യമാകുന്ന സഹായ-സഹകരണങ്ങള്‍ എന്തൊക്കെയാണെന്നും അതിനായി ആരെ സമീപിക്കണമെന്നുമുള്ള ധാരണ താഴെ തട്ടില്‍ എത്തിക്കണമെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍  പറഞ്ഞു.
കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കായാണ് പരിപാടി സംഘടിപ്പിച്ചത്. 


കുടുംബശ്രീ മുഖേന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനം, മാര്‍ക്കറ്റിംഗ് സംവിധാനങ്ങള്‍ വിപുലപ്പെടുത്തല്‍, കാര്‍ഷിക - മൃഗസംരക്ഷണ മേഖലയിലെ പദ്ധതികള്‍ നടപ്പിലാക്കുക എന്നിവയിലൂടെ സാമ്പത്തിക - സാമൂഹിക വികസനം എങ്ങനെ സാധ്യമാക്കാം, കുടുംബശ്രീ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കല്‍, ആദിവാസി ഊരുകളിലെയും സ്‌കൂളു കളിലേയും ലഹരി നിര്‍മാര്‍ജനം, സ്ത്രീധന നിരോധനം എന്നീ മേഘലകളിലെ ബോധവല്‍ക്കരണ പരിപാടികളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള പങ്ക് എന്നിവ ശില്പശാലയില്‍ ചര്‍ച്ച ചെയ്തു.