കളരിപ്പയറ്റ് അക്കാദമി പദ്ധതിയുമായി കതിരൂർ ഗ്രാമപഞ്ചായത്ത്

post

കണ്ണൂർ: കളരിപ്പയറ്റ് കാണാനും പഠിക്കാനും ലോകം ഇനി കതിരൂരിലേക്കെത്തും. ആയോധന കലകളിൽ ഏറ്റവും പ്രധാനപ്പെട്ട  കളരിപ്പയറ്റ് അഭ്യസിക്കാനും കൂടുതൽ മനസ്സിലാക്കാനും കതിരൂർ പൊന്ന്യത്ത് ഏഴരക്കണ്ടത്തിൽ കളരി അക്കാദമി സ്ഥാപിക്കാൻ ഒരുങ്ങുകയാണ് കതിരൂർ ഗ്രാമ പഞ്ചായത്ത്. സംസ്ഥാന സർക്കാറിന്റെയും ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ടൂറിസം വകുപ്പിന്റെയും വിവിധ ഫണ്ടുകൾ ചേർത്ത് 12 കോടി 80 ലക്ഷം രൂപയുടെ പദ്ധതിയാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.

വടക്കൻ പാട്ടുകളിലൂടെ ചരിത്രത്താളുകളിൽ  രേഖപ്പെടുത്തിയ കളരി അഭ്യാസികളാണ് തച്ചോളി ഒതേനനും അദ്ദേഹത്തിന്റെ ഗുരുവായ കതിരൂർ ഗുരുക്കളും. ഇരുവരും അങ്കം വെട്ടി മരിച്ചു വീണ മണ്ണാണ് പൊന്ന്യം എന്നാണ് പതിറ്റാണ്ടുകളായി  വാമൊഴിയായി പ്രചരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള പൊന്ന്യം ഏഴര കണ്ടത്ത് കളരിപ്പയറ്റിന്റെ ചരിത്രവും ആയോധനമുറകളും പഠിക്കാൻ ലോകോത്തര നിലവാരത്തിൽ കളരി മ്യൂസിയവും കളരി അക്കാദമിയും സ്ഥാപിക്കാനുള്ള മാസ്റ്റർ പ്ലാൻ പഞ്ചായത്ത് തയ്യാറാക്കി കഴിഞ്ഞു. ടൂറിസം വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഉള്ളവർക്ക് കളരിയെ സംബന്ധിച്ച സമഗ്ര വിവരങ്ങൾ ലഭ്യമാക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം.

കളരി പരിശീലനകേന്ദ്രം, ആയോധന ചികിത്സാ കേന്ദ്രം,  വിവിധ കളരി മുറകളുടെ ശിൽപ മാതൃകകൾ, കളരി ചരിത്ര പഠനത്തിന് ഉപരിക്കുന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോ, ലൈബറി, ഡിജിറ്റൽ റൂം, ഗവേഷണ കേന്ദ്രം, തെക്കൻ-വടക്കൻ കളരി അഭ്യാസങ്ങൾ പ്രദർശിപ്പിക്കാനുള്ള പൊതുകേന്ദ്രം, കളരി പഠിക്കാനെത്തുന്നവർക്കുള്ള ഡോർമിറ്ററി, കോട്ടേജുകൾ,  അനുബന്ധ ഓഫീസുകൾ, മിനി കോൺഫറൻസ് ഹാൾ തുടങ്ങിയവ അക്കാദമിയിലുണ്ടാവും.
കളരി ആയുധങ്ങൾ പ്രദർശിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ മ്യൂസിയമാവും ഇവിടെ തുടങ്ങുക. അപൂർവ്വ ഗ്രന്ഥങ്ങൾ, താളിയോലകൾ, ചരിത്ര രേഖകൾ, ചിത്രങ്ങൾ എന്നിവയും ഇവിടെ പ്രവർശിപ്പിക്കും. 3,000 ചതുരശ്ര അടിയിൽ  ഒരുക്കുന്ന ലൈബ്രറി ആന്റ് റിസർച്ച് സെന്ററിൽ  കളരിയെ സംബന്ധിച്ച് വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ലഭ്യമാക്കും. ചരിത്രാന്വേഷികൾക്കും പഠിതാക്കൾക്കും ഇത് ഏറെ ഉപകാരപ്രദമാകും. ഒരു കോടി രൂപ ചെലവിലാണ്  ഗവേഷണ കേന്ദ്രം നിർമ്മിക്കാൻ ഒരുങ്ങുന്നത്. 50 ലക്ഷം രൂപ വിലയുള്ള പുസ്തകങ്ങൾ ആദ്യഘട്ടത്തിൽ ലൈബറിയിൽ ഉണ്ടാകും. 50 ലക്ഷം രൂപ ചിലവിൽ കളരിപ്പയറ്റിനുള്ള അങ്കത്തട്ട് ഇതിനോടകം തയ്യാറാക്കി കഴിഞ്ഞു. ടൂറിസം രംഗത്ത് വടക്കേ മലബാറിന് പൊൻതിലകമാവും കതിരൂർ കളരി അക്കാദമി.