ശുചിത്വ കേരളത്തിനായി പ്രാദേശിക സര്‍ക്കാരുകളുടെ ഇടപെടല്‍ അനിവാര്യം

post


കൊല്ലം: ശുചിത്വ കേരളമെന്ന വലിയ ലക്ഷ്യത്തിന് പ്രാദേശിക സര്‍ക്കാരുകളുടെ സഹകരണം അനിവാര്യമാണെന്ന് വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. നവീകരിച്ച ഏരൂര്‍ മാര്‍ക്കറ്റിന്റെയും ലൈഫ് ഭവന പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ശരിയായ രീതിയിലുള്ള ഖരമാലിന്യ സംസ്‌കരണത്തില്‍ ജില്ലയിലെ 10 മികച്ച കേന്ദ്രങ്ങളില്‍ ഒന്നാണ് ഏരൂര്‍ ഗ്രാമപഞ്ചായത്ത്. ശുചിത്വം ഉറപ്പാക്കുന്നതില്‍ മാതൃകയാണ് ഏരൂര്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും മന്ത്രി പറഞ്ഞു. 30 ലക്ഷം രൂപ ചെലവഴിച്ചാണ് മാര്‍ക്കറ്റ് നവീകരിച്ചത്. ലൈഫ് ഭവന പദ്ധതിയിലൂടെ 108 പേര്‍ക്കാണ് വീട് ലഭിച്ചത്. ഇതില്‍ 25 പേര്‍ക്കും വീടും വസ്തുവും പദ്ധതിയില്‍ ഉള്‍പെടുത്തി നല്‍കി. പുതുതായി ലഭിച്ചിട്ടുള്ള അപേക്ഷകളും പരിഗണിച്ചു അര്‍ഹരായ എല്ലാവര്‍ക്കും വീട് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പി. എസ്. സുപാല്‍ എം. എല്‍. എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ലൈഫ് ഭവന പദ്ധതി സാക്ഷ്യപത്ര വിതരണം നടത്തി. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍ എം.സി.എഫ്. കെട്ടിടം ഉദ്ഘാടനം ചെയ്തു. കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹനന്‍ ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു.