ചേരമാന്‍ മസ്ജിദ് നല്‍കുന്നത് മത, സാംസ്‌കാരിക മൈത്രിയുടെ അതുല്യ സന്ദേശം

post

തൃശ്ശൂര്‍: ലോകത്തിന് ചേരമാന്‍ മസ്ജിദ് നല്‍കുന്നത് മത, സാംസ്‌കാരിക മൈത്രിയുടെ അതുല്യമായ സന്ദേശമാണെന്നും നമ്മുടെ ചരിത്രത്തിന്റെ സൗന്ദര്യത്തെക്കുറിച്ചാണ് അത് ആത്യന്തികമായി ചൂണ്ടിക്കാണിക്കുന്നതെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ് പുനരുദ്ധാരണ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

ഐതിഹാസിക തുറമുഖമായിരുന്ന മുസിരിസിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യം പുനഃസ്ഥാപിക്കുന്നതിനായുള്ള കേരള ടൂറിസം വകുപ്പിന്റെ മുസിരിസ് പൈതൃക പദ്ധതിയില്‍ സുപ്രധാനമാണ് ചേരമാന്‍ ജുമാമസ്ജിദ് പദ്ധതിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിവിധ സംസ്‌കാരങ്ങളുടെയും രാഷ്ട്രങ്ങളുടെയും പ്രതിനിധികളെ ഹൃദയപൂര്‍വം സ്വാഗതം ചെയ്ത കേരളത്തിന് എല്ലായ്‌പ്പോഴും ഒരു സാര്‍വജനീന സമീപനം ഉണ്ടായിരുന്നു. തങ്ങളുമായി ഇടപഴകുകയും കൂടിച്ചേരുകയും ചെയ്ത എല്ലാ സംസ്‌കാരങ്ങളില്‍നിന്നും നല്ല മൂല്യങ്ങളും ജീവിതശൈലികളും സന്തോഷത്തോടെ സ്വാംശീകരിക്കുകയാണ് കേരളം എന്നും ചെയ്തത്. നമ്മുടെ സ്മാരകങ്ങളിലും ആചാരങ്ങളിലും ഭാഷയിലും ഇത് സ്പഷ്ടമാണ്. രാവണനെ സുല്‍ത്താനായി ചീത്രീകരിക്കുന്ന അറബി മലയാളത്തിലെഴുതപ്പെട്ട മാപ്പിള രാമായണവും ഹൈന്ദവ ഉത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന മുസ്‌ലിംകളുടെ നേര്‍ച്ച ആചാരങ്ങളും ഇതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രം. ചേരരാജാവ് ചേരമാന്‍ പെരുമാള്‍ മെക്കയിലേക്ക് തീര്‍ഥാടനം നടത്തുകയും ഹിന്ദുവായ ഒരു ശ്രേഷ്ഠന്‍ അറയ്ക്കല്‍ മുസ്‌ലിം രാജവംശം സ്ഥാപിക്കുകയും ചെയ്തതായി ഐതിഹ്യം പറയുന്നു. 

ഈ മണ്ണിന് എല്ലാ പാരമ്പര്യങ്ങളോടുമുള്ള ആദരവിന്റെയും സ്വീകാര്യതയുടെയും സംസ്‌കാരമാണിത് കാണിക്കുന്നത്. ഈ പള്ളിയുടെ കേരളീയ ശില്‍പമാതൃകയും കുളവും കെടാവിളക്കും ആ സമ്പന്ന പാരമ്പര്യത്തിന്റെ അവശേഷിപ്പുകളാണ്. തന്റെ 12 മക്കളെ 12 വംശങ്ങളില്‍ വളര്‍ത്തിയ വരരുചി മഹര്‍ഷിയുടെ നാടാണിത്. ഇതില്‍ ഒരു മകന്‍ ഉപ്പുകൊറ്റനെ മുസ്‌ലിമായാണ് വളര്‍ത്തിയതെന്ന ഐതിഹ്യം ഈ നാടിന്റെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും അപൂര്‍വ പാരമ്പര്യമാണ് കാണിക്കുന്നത്. നാമെല്ലാം ഒരൊറ്റ മനുഷ്യവംശത്തിന്റെ മക്കളാണെന്നും നാം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വൈജാത്യം കൃത്രിമമാണെന്നുമുള്ള സത്യമാണ് ഈ ഏകത്വം സംവദിക്കുന്നത്. പൗരാണികമായ ഭാരതീയ വേദങ്ങള്‍ പറയുന്നത് എല്ലാ മനുഷ്യരും ഒരൊറ്റ വംശത്തില്‍പ്പെടുന്നുവെന്നാണ്. 

മനുഷ്യകുലം ഒരൊറ്റ ദേശമായിരുന്നുവെന്നും വൈജാത്യങ്ങള്‍ പിന്നീട് ഉണ്ടായതാണെന്നും ഖുര്‍ ആനും പറയുന്നു. വിശുദ്ധ പ്രവാചകന്റെ കാലത്ത് തന്നെ 629 എ.ഡിയില്‍ ഈ പള്ളി നിര്‍മ്മിക്കാന്‍ പേര്‍ഷ്യന്‍ പണ്ഡിതന്‍ മാലിക് ദീനാറെ സഹായിച്ചത് ഈ സൗഹാര്‍ദ സംസ്‌കാരമായിരിക്കണം. കേരളത്തിന്റെ തനതുപൈതൃക ഭാവമായ ഐക്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും സംസ്‌കാരത്തെയാണ് ചേരമാന്‍ മസ്ജിദ് പ്രതീകവത്കരിക്കുന്നത്. നമ്മുടെ സംസ്‌കാരത്തിന്റെയും സമൂഹ മനഃസാക്ഷിയുടെയും സ്വത്വം രൂപപ്പെടുത്തിയ പരസ്പര ബഹുമാനത്തിന്റെയും ധാരണയുടെയും ചരിത്രത്തെയാണ് ഇത് എന്നും ഓര്‍മ്മപ്പെടുത്തുന്നത്.

ഈ പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനം 'എല്ലാ മതങ്ങളേയും ഞാന്‍ സ്വീകരിക്കുന്നു, ആരാധിക്കുന്നു' എന്ന വിവേകാനന്ദ വാക്യത്തിന്റെ സന്ദേശമാണ് പകരുന്നത്. ഈ പള്ളിയില്‍ നടത്തിയ എല്ലാ നവീകരണ പ്രവര്‍ത്തനങ്ങളും കേരളീയ വാസ്തുശില്‍പ പാരമ്പര്യം നിലനിര്‍ത്തിയായിരുന്നുവെന്നത് ശ്രദ്ധേയമാണ്. അതിന് ഈ പള്ളി കമ്മിറ്റി ഭാരവാഹികളെ അഭിനന്ദിക്കുന്നു. ടൂറിസം വകുപ്പ് ഇതിനകം തന്നെ ഇവിടെയൊരു ഇസ്‌ലാമിക് ഹിസ്റ്ററി മ്യൂസിയം തുടങ്ങിയെന്നത് സന്തോഷകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

മനുഷ്യരോട് മാത്രമല്ല, എല്ലാ ജീവജാലങ്ങളോടും കരുണ കാണിക്കണമെന്നും അത് വഴി എല്ലാ മനുഷ്യരിലും കാരുണ്യവും ദയയും വളര്‍ത്തുക എന്നതാണ് പ്രവാചകനായ മുഹമ്മദ് നബി പറഞ്ഞു വെച്ചതെന്നും നബിദിനാശംസകള്‍ നേര്‍ന്ന് കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ധനകാര്യമന്ത്രി ഡോ. ടി. എം. തോമസ് ഐസക് അധ്യക്ഷത വഹിച്ചു. ചാലക്കുടി എംപി ബെന്നി ബഹനാന്‍, കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം എംഎല്‍എ അഡ്വ. വി. ആര്‍. സുനില്‍കുമാര്‍, സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടര്‍ പി. ബാലകിരണ്‍, കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാന്‍ കെ. ആര്‍. ജൈത്രന്‍, ചേരമാന്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഡോ. പി. എ. മുഹമ്മദ് സെയ്ദ്, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം. എ. യൂസഫലി, കണ്‍സര്‍വേഷന്‍ കണ്‍സള്‍ട്ടന്റ് ഡോ. ബെന്നി കുര്യാക്കോസ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹണി പീതാംബരന്‍, കൗണ്‍സിലര്‍ ആശാലത, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി. എം. നൗഷാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ അന്‍വര്‍ അലി എം. എം. തുടങ്ങിയവര്‍ സംബന്ധിച്ചു.