കിഴക്കന്‍ മേഖലയ്ക്ക് കുതിപ്പേകാന്‍ മലയോര ഹൈവേ

post

കൊല്ലം: ജില്ലയുടെ കിഴക്കന്‍ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്ത് പകരുന്ന  മലയോര ഹൈവേയുടെ  നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക്.  ആഗസ്റ്റ് മാസത്തോടെ ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയാകും. 46.1 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ജില്ലയില്‍ മലയോര ഹൈവേ കടന്നുപോകുന്നത്. ഇതില്‍ 45 കിലോമീറ്റര്‍ ദൂരം ഒന്നാംഘട്ട ടാറിങ് പൂര്‍ത്തിയായി. 3.5 കിലോമീറ്റര്‍ അവസാനഘട്ട ഫിനിഷിംഗ് ലയര്‍ ടാറിങും കഴിഞ്ഞു.

ഹൈവേയുടെ ഭാഗമായി 150 കലുങ്കുകള്‍, 17 കിലോമീറ്റര്‍  നീളത്തില്‍ ഓട, എട്ടു കിലോമീറ്റര്‍ ദൂരം സംരക്ഷണഭിത്തി എന്നിവയും നിര്‍മിച്ചു. 40 ഏക്കര്‍ പുറമ്പോക്ക് ഭൂമി കൂടി ഉള്‍പ്പെടുത്തിയാണ് ഹൈവേക്ക് വീതി  കൂട്ടിയിട്ടുള്ളത്.

2018 ആഗസ്റ്റിലാണ് മലയോര ഹൈവേയുടെ നിര്‍മാണം ആരംഭിച്ചത്. പത്ത് മീറ്റര്‍ വീതിയില്‍ റോഡ് ടാറിങ്, ജംഗ്ഷനുകളുടെ വികസനം എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു ഹൈവേ നിര്‍മാണം.

ഹൈവേ നിര്‍മാണത്തിന് 201.67 കോടി രൂപയാണ്  കിഫ്ബി ധനസഹായം. ഇതുകൂടാതെ 6.5 കോടി രൂപ കെ എസ് ഇ ബി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും 3.2 കോടി രൂപ വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനും അനുവദിച്ചു.

പുനലൂര്‍ കെ എസ് ആര്‍ ടി സി ജംഗ്ഷന്‍ മുതല്‍ അഗസ്ത്യക്കോട് വരെയും  ആലഞ്ചേരി ജംഗ്ഷന്‍ മുതല്‍ കുളത്തൂപ്പുഴ,  മടത്തറ എന്നിവിടങ്ങളിലൂടെ ചല്ലിമുക്ക് വരെയുമാണ് മലയോര ഹൈവേ.