കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കാന്‍ ജൈവവള നിര്‍മാണവുമായി കൃഷിഭവന്‍

post


കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ നെല്‍ക്കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കാന്‍ ജൈവവള നിര്‍മാണവുമായി കൃഷിഭവന്‍. ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ജൈവ കീടനാശിനി നിര്‍മ്മാണവും പഠനക്ലാസും സൗജന്യ വള നിര്‍മ്മാണവും സംഘടിപ്പിച്ചത്. 100 ഹെക്ടര്‍ നെല്‍ക്കൃഷിക്ക് ആവശ്യമായ ജൈവവളവും 50 ഹെക്ടര്‍ പച്ചക്കറി കൃഷിക്ക് ആവശ്യമായ വളവുമാണ് നിര്‍മ്മിച്ചു നല്‍കുന്നത്. നഗരസഭാ പരിധിയില്‍ അഞ്ച് സെന്റില്‍ കുറയാതെ നെല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കാണ് സൗജന്യമായി ജൈവവളം ലഭ്യമാക്കുക.

വേപ്പിന്‍ പിണ്ണാക്ക്, ചകിരി ചോറ്, ചാണകം തുടങ്ങിയവ ഉപയോഗിച്ചാണ് ജൈവ വളം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉടന്‍ തന്നെ കര്‍ഷകര്‍ക്ക് വളം സൗജന്യമായി നല്‍കും. കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ ഐങ്ങോത്ത് ക്ലസ്റ്ററില്‍ നടന്ന പരിശീലന പരിപാടി നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ ടെക് അബ്ദുള്ള ഉദ്ഘാടനം ചെയ്തു.