ജനങ്ങളാണ് ഏതു സര്‍വീസിന്റെയും യജമാനന്‍മാര്‍

post

തൃശ്ശൂര്‍: ഏത് സര്‍വീസിന്റെയും യജമാനന്‍മാര്‍ ജനങ്ങളാണ് എന്ന ധാരണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ രാമവര്‍മ്മപുരത്തെ കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 121 സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളെ സഹായിക്കുക, ജനങ്ങളുടെ കൂടെ നില്‍ക്കുക, ജനങ്ങളുടെ വിശ്വാസമാര്‍ജിക്കുക എന്നിവ ഏറ്റവും പ്രധാനമാണെന്ന് തിരിച്ചറിയാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മടിയും ഭയവും ലവലേശവുമില്ലാതെ പോലീസ് സ്‌റ്റേഷനില്‍ കടന്നുചെല്ലാനും പരാതി ബോധിപ്പിക്കാനും ഏതൊരു വ്യക്തിക്കും സാധിക്കണം. പോലീസ് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും നിയമപരമായ കാര്യങ്ങളില്‍ ചെയ്യേണ്ടതില്ല. നിയമം നടപ്പിലാക്കുന്നതിന് മുഖം നോക്കേണ്ട കാര്യവുമില്ല. പക്ഷഭേദമെന്യേ കാര്യങ്ങള്‍ നടത്തണം. പാവപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കരുത്. അവര്‍ക്ക് അല്‍പം മുന്‍ഗണന കൊടുത്ത് അവരെ സഹായിക്കുന്ന ശൈലി സ്വീകരിക്കാനാവണം. വനിതകള്‍ പഞ്ചായത്തുകളില്‍ ചെന്ന് സ്ത്രീകളുടെ പരാതി സ്വീകരിക്കുന്നത് കാര്യക്ഷമമായി തുടരണം. 

വനിതകളെ നേരിട്ട് സബ് ഇന്‍സ്‌പെക്ടര്‍മാരായി നിയമനം നല്‍കുന്ന ആദ്യ ബാച്ചാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 121 എസ്.ഐ. ട്രെയിനികളില്‍ 37 വനിതകളാണുള്ളത്. എസ്.ഐ. റാങ്കില്‍ വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുമിച്ചും ഒരു പോലെയും പരിശീലനം നല്‍കുന്നതും ഇതാദ്യമാണ്. പുരുഷന്‍മാര്‍ക്ക് സാധ്യമാവുന്ന ഏത് കഠിന പരിശീലന പരിപാടിയും സ്ത്രീകള്‍ക്കും സാധ്യമാവുമെന്ന്, പുരുഷന് പിന്നിലല്ല സ്ത്രീ എന്ന് തെളിയിച്ചുകഴിഞ്ഞു. വിദ്യാസമ്പന്നരായ വനിതകള്‍ സേനയിലേക്ക് കടന്നുവരുന്നത് പോലീസിനും ഗുണകരമാവും. പോലീസിന്റെ സൗമ്യമുഖം ഒന്നുകൂടി ദീപ്തമാവാന്‍ ഇത് സഹായിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വനിതാ പോലീസ് ഓഫീസര്‍മാരോട് സങ്കോചം കൂടാതെ തുറന്നുസംസാരിക്കാന്‍ കഴിയും. ഇതൊക്കെ കണ്ടുകൊണ്ടുതന്നെയാണ് പുതുതായി നാല് വനിതാ പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്. ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്. ഇതോടെ കേരളത്തിലെ ആകെ വനിതാ പോലീസ് സ്‌റ്റേഷനുകളുടെ എണ്ണം പതിനാറായി. പോലീസില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കും. ഈ സര്‍ക്കാര്‍ ആദ്യമായി വനിതാ ബറ്റാലിയനും രൂപം നല്‍കി. ഇതില്‍നിന്ന് ഏതാനും പേരെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കി വനിതാ കമാന്‍ഡോ സംഘത്തിനും രൂപം നല്‍കി.

ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് പുതുതായി പോലീസിലേക്ക് കടന്നുവരുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയ 121 എസ്.ഐ ട്രെയിനികളില്‍ ഒരാള്‍ എം.ടെക് ബിരുദധാരിയും ഒരാള്‍ എം.ഫില്‍ ബിരുദധാരിയുമാണ്. എം.ബി.എ. മൂന്ന് പേര്‍, പി.ജി. 26 പേര്‍, ബി.ടെക്. ഒമ്പത്, ബി.എഡ്. 10, എല്‍.എല്‍.ബി. ഒന്ന് എന്നിങ്ങനെ യോഗ്യതയുള്ളവര്‍ ഈ ബാച്ചിലുണ്ട്. നിര്‍മ്മിത ബുദ്ധി പോലുള്ള പുതിയ സംവിധാനങ്ങളിലേക്ക് കേരള പോലീസ് ചുവടുവെക്കുമ്പോഴാണ് സാങ്കേതിക യോഗ്യതയും പരിജ്ഞാനവും ഉള്ളവര്‍ പോലീസിലേക്ക് കടന്നുവരുന്നത്. ഇവരുടെ സേവനം ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബെസ്റ്റ് ഇന്‍ഡോര്‍ കാഡറ്റായി വി. എ. ആദര്‍ശ്, ബെസ്റ്റ് ഷൂട്ടറായി ദിപു എസ്. എസ്, ബെസ്റ്റ് ഇന്‍ഡോറായി ആര്‍. പി. സുജിത്, സിന്‍സിയറിറ്റി ആന്‍ഡ് ഡെഡിക്കേഷന് എസ്. ഗീതുമോള്‍, ബെസ്റ്റ് കാഡറ്റായി എം. പ്രദീപ് എന്നിവര്‍ക്ക് മുഖ്യമന്ത്രി ട്രോഫി സമ്മാനിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പോലീസ് അക്കാദമി ഡയറക്ടര്‍ ഡോ. ബി. സന്ധ്യ, തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത വിജയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.