മൂന്നു കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി; രാജേന്ദ്രന്‍ പിള്ളയ്ക്ക് കലക്ടറുടെ ആദരം

post


കൊല്ലം : സ്വന്തമായി അടച്ചുറപ്പുള്ള ഒരു കിടപ്പാടം എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ മൂന്ന് കുടുംബങ്ങള്‍ക്ക് 13 സെന്റ് ഭൂമി സൗജന്യമായി നല്‍കി മാതൃകയായ  പാവുമ്പ പൊന്നമ്പില്‍ രാജേന്ദ്രന്‍ പിള്ളയെ  ജില്ലാ കലക്ടര്‍ അഫ്സാനാ പര്‍വീണ്‍ ആദരിച്ചു. ലൈഫ് പദ്ധതിയുടെ ഭാഗമായ 'മനസ്സോടിത്തിരി മണ്ണ്'  എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ഭൂമി നല്‍കിയത്. തഴവ പഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനുള്ള നടപടി സ്വീകരിച്ചുകഴിഞ്ഞു. പാലമൂട് ജംഗ്ഷന് സമീപം വാങ്ങിയ 46 സെന്റില്‍ നിന്ന് വീട് നിര്‍മാണത്തിന് മൂന്ന് സെന്റ് വീതവും നാലു സെന്റോളം വഴിക്കുമാണ് രാജേന്ദ്രന്‍ പിള്ള നല്‍കിയത്. പാവുമ്പ സ്വദേശികളായ കൃഷ്ണകൃപയില്‍ സുധ, പോക്കാട്ട് രശ്മി, മഞ്ചാടിയില്‍ സുരേഷ് എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് ഇതോടെ സ്വന്തമായി ഭൂമിയായത്.

തൊടിയൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോട്ടണി അദ്ധ്യാപകന്‍ ആണ് രാജേന്ദ്രന്‍ പിള്ള.  വസ്തു ലഭിച്ചതില്‍ രണ്ടുപേര്‍ രാജേന്ദ്രന്‍പിള്ളയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഒരാള്‍ അയല്‍വാസിയുമാണ്. കലക്ടറുടെ ചേംബറില്‍ നടത്തിയ  ചടങ്ങില്‍ ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി. കെ. സയൂജ, എ.ഡി.സി ജനറല്‍ ആര്‍. അജയകുമാര്‍, തഴവ വില്ലേജ് എക്‌സ്‌ടെന്‍ഷന്‍ ഓഫീസര്‍ ചന്ദ്രപ്പന്‍, ലൈഫ് മിഷന്‍ ഉദ്യോഗസ്ഥ പി. രമ്യ  തുടങ്ങിയവര്‍ പങ്കെടുത്തു.