ജോലി വേണോ? ജോലിക്കാരെ വേണോ?രണ്ടിനും ആപ് റെഡി

post

തൃശൂര്‍: വൈദഗ്ധ്യമുണ്ടെങ്കിലും വേണ്ടത്ര അവസരം ലഭിക്കാത്ത വിദഗ്ധ തൊഴിലാളിയാണോ നിങ്ങള്‍? അതും ഇലക്ട്രീഷ്യനോ പ്ലംബറോ തെങ്ങുകയറ്റത്തൊഴിലാളിയോ കാര്‍പെന്ററോ ആണോ? എങ്കില്‍ നിങ്ങള്‍ക്ക് ജോലിയുണ്ട്. ഇനി അടിയന്തിര ഘട്ടത്തില്‍ ഇത്തരം തൊഴിലാളികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നയാളാണോ? എങ്കില്‍ ജോലിക്കാരുമുണ്ട്. ഇരുകൂട്ടരുടെയും പ്രശ്‌നത്തിന് പരിഹാരമാര്‍ഗം വിരല്‍ത്തുമ്പിലാക്കാനുള്ള സര്‍ക്കാര്‍ സംവിധാനം ജില്ലയില്‍ സജീവമാകുന്നു.

ദൈനംദിന ഗാര്‍ഹികവ്യാവസായികാവശ്യങ്ങള്‍ക്ക് തൊഴിലാളികളുടെ സേവനം ലക്ഷ്യമിട്ട് സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പിനാണ് ജില്ലയില്‍ തുടക്കമിട്ടത്. ഇടനിലക്കാരില്ലാതെ തൊഴില്‍ സാധ്യത കണ്ടെത്താനും ആവശ്യമനുസരിച്ച് വിദഗ്ധരുടെ സേവനം തേടാനുമുള്ളതാണ് ആപ്ലിക്കേഷന്‍. സംവിധാനം പൂര്‍ണമാകുന്നതോടെ ഒരേ തൊഴില്‍ ചെയ്യുന്ന ഒന്നരലക്ഷം പേരെ കണ്ടെത്താനാകും. കേരള അക്കാദമി ഫോര്‍ എക്‌സലന്‍സാണ് വ്യാവസായിക പരിശീലന വകുപ്പിന്റെയും കുടുംബശ്രീയുടെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്. യോഗ്യതയും വൈദഗ്ദ്യവും കൂലിയും പരിശോധിച്ച് ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാം. ഉപഭോക്താവിന്റെ സംതൃപ്തി അനുസരിച്ച് തൊഴിലാളിക്ക് സ്റ്റാര്‍ റേറ്റിംഗും നല്‍കാനാവും.

ചെയ്യേണ്ടത് ഇത്ര മാത്രം: ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. അടിസ്ഥാന വിവരങ്ങള്‍ നല്‍കി തൊഴിലാളിയായോ തൊഴില്‍ദായകനായോ രജിസ്റ്റര്‍ ചെയ്യാം. തൊഴിലാളിയെ തേടുന്നവര്‍ക്ക് കുറച്ചു വിവരങ്ങള്‍ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. തൊഴില്‍ അന്വേഷകര്‍ അറിയാവുന്ന തൊഴില്‍, കൂലി, തിരിച്ചറിയല്‍ രേഖ എന്നിവ നിര്‍ബന്ധമായും അപ്‌ലോഡ് ചെയ്യണം. പരിശീലനം നേടിയിട്ടുള്ളവര്‍ കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റും കോഴ്‌സില്‍ ചേരാതെ തൊഴില്‍ വൈദഗ്ധ്യം നേടിയവര്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡ് അംഗത്തിന്റെ സാക്ഷ്യപത്രവും സമര്‍പ്പിക്കണം. 

രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുന്നതിന് സമീപത്തെ സര്‍ക്കാര്‍ ഐടിഐയിലോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലോ ബന്ധപ്പെടാം. അപ്ലയന്‍സ് സര്‍വ്വീസ് ആന്റ് റിപ്പയര്‍, ഡേ ടുഡേ സര്‍വീസ്, ഹോം മെയിന്റനന്‍സ് സര്‍വ്വീസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് രജിസ്‌ട്രേഷന്‍ സൗകര്യങ്ങളുള്ളത്. ആദ്യവിഭാഗത്തില്‍ ഗൃഹോപകരണങ്ങളുടെ അറ്റകുറ്റപ്പണികളും സര്‍വ്വീസിങ്ങും ചെയ്യുന്നവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, തെങ്ങുകയറ്റക്കാര്‍, തുണി അലക്കുകയും തേക്കുകയും ചെയ്യുന്നവര്‍, ഡേ കെയറുകള്‍, ഹോം നഴ്‌സുമാര്‍, ആശുപത്രികളിലും വീടുകളിലും വയോജന പരിപാലനം നടത്തുന്നവര്‍, വീട്ടിലെത്തി കുട്ടികളെ നോക്കുന്നവര്‍, വീടുകളിലെത്തി പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിക്കുന്നവര്‍, മൊബൈല്‍ ബ്യൂട്ടിപാര്‍ലര്‍ സേവനം നടത്തുന്നവര്‍ ഡേ ടുഡേ സര്‍വീസിലുള്‍പ്പെടും.