ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ റോഡുകളുടെ ഉദ്ഘാടനവും പാലങ്ങളുടെ നിര്‍മാണത്തുടക്കവും ഇന്ന്

post

ആകെ 55.65 കോടി രൂപയുടെ പദ്ധതികള്‍

മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും 

ആലപ്പുഴ: ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ രണ്ടു റോഡുകളുടെ ഉദ്ഘാടനവും മൂന്നു പാലങ്ങളുടെ നിര്‍മാണോദ്ഘാടനവും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന്(ജനുവരി 3) നിര്‍വഹിക്കും. ആകെ 55.65 കോടി രൂപയാണ് അഞ്ചു പദ്ധതികള്‍ക്കുമായി ചിലവഴിക്കുന്നത്. 

എട്ടു കോടി രൂപ ചിലവിട്ട് നിര്‍മിച്ച ചമ്മത്തുംമുക്ക് - കക്കട റോഡും മൂന്നു കോടി രൂപയുടെ ചെന്നിത്തല-അഴകത്തുപടി-മുണ്ടോലിക്കടവ് റോഡുമാണ് ഉദ്ഘാടനം ചെയ്യുന്നത്. 

ചെന്നിത്തല കീഴ്ച്ചേരിക്കടവ് പാലം (16.31 കോടി രൂപ), വെണ്മണി ചക്കുളത്തു കടവ് പാലം (15.84 കോടി രൂപ), വെണ്മണി ശാര്‍ങക്കാവ് പാലം (12.50 കോടി രൂപ) എന്നീ പദ്ധതികളുടെ നിര്‍മാണത്തിനും ഇന്ന് തുടക്കം കുറിക്കും.

ഉച്ചകഴിഞ്ഞ് 3.30ന് മുണ്ടോലിക്കടവ്, നാലിന് പടിഞ്ഞാറ്റേമുറി, 4.30ന് ഇല്ലത്തുമേപ്പുറം ജംഗ്ഷന്‍, 5.30ന് ചമ്മത്തുംമുക്ക് എന്നിവിടങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എ.എം. ആരിഫ്, എം.എല്‍.എമാരായ എം.എസ് അരുണ്‍കുമാര്‍, യു. പ്രതിഭ, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

ചെങ്ങന്നൂര്‍ മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഗണ്യമായ മുന്നേറ്റത്തിന് ഈ പദ്ധതികള്‍ ഉപകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.