കൊറോണ വൈറസ്: നിരീക്ഷണം ഇനി ഏഴു രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്ക് മാത്രം

post

കൊല്ലം : കൊറോണ സംബന്ധമായ നിരീക്ഷണം ഏഴു രാജ്യങ്ങളിലേക്ക് ചുരുങ്ങിയതോടെ കൊറോണ സംബന്ധിച്ച ആശങ്കകള്‍ ഏറെക്കുറെ അകലുന്നു. ഇനി ചൈന, കൊറിയ, ജപ്പാന്‍, സിംഗപൂര്‍, വിയറ്റ്‌നാം, മലേഷ്യ, തായ്‌ലന്റ് എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ മാത്രം നിരീക്ഷണത്തിന് വിധേയം. എന്നാല്‍ ജാഗ്രതയില്‍ കുറവു വരുത്തുന്നില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അറിയിച്ചു.
രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവര്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരണം. നെഗറ്റീവ് കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലും പുതുതായി എത്തുന്നവരുടെ പരിശോധനകള്‍ കൃത്യമായി തുടരുന്നുണ്ട്. ഇതുവരെ 112 പേര്‍ 28 ദിന നിരീക്ഷണം പൂര്‍ത്തിയാക്കി പുറത്തുവന്നിട്ടുണ്ട്. 28 ദിവസ നിരീക്ഷണം പൂര്‍ത്തിയായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ബന്ധപ്പെട്ട പ്രാഥമിക/സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കണമെന്ന് ഡി എം ഒ അറിയിച്ചു. റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം അവസാനകേസ് റിപ്പോര്‍ട്ട് ചെയ്ത തീയതി മുതല്‍ 14 ദിവസം കൂടി തുടരും. കൊറോണ ഉള്‍പ്പെടെ വായുവിലൂടെ പകരുന്ന രോഗങ്ങള്‍ക്കെതിരെ പ്രാഥമിക ശുചിത്വ പാഠത്തില്‍പ്പെട്ട സോപ്പുപയോഗിച്ച് കൈ കഴുകുന്നതും തൂവാലയുടെ ശരിയായ ഉപയോഗവും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കും. ആരോഗ്യ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും വായനശാലകളിലും പഠന ക്ലാസുകള്‍ നടത്തും.