നെല്ലായി തൂപ്പന്‍കാവ് ബണ്ട് പ്രൊട്ടക്ഷന്‍ പൂര്‍ത്തീകരണോദ്ഘാടനം നിര്‍വഹിച്ചു

post

റീബില്‍ഡ് കേരള കേരളത്തിന്റെ അഭിമാന പദ്ധതി:മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

തൃശൂര്‍ : റീബില്‍ഡ്‌കേരള കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പറപ്പൂക്കര ഡിവിഷന്‍ നെല്ലായി തൂപ്പന്‍കാവ് ബണ്ട് പ്രൊട്ടക്ഷന്‍ പൂര്‍ത്തീകരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റീബില്‍ഡ് കേരളയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് സ്തുത്യര്‍ഹമാണ്. ഇതിലൂടെ തകര്‍ന്ന വീടുകള്‍, റോഡുകള്‍, ബണ്ടുകള്‍ ഉള്‍പ്പെടെ പുനഃസ്ഥാപിക്കാനായി. ഇതിന് ഉദാഹരണമാണ് പറപ്പൂക്കര ഡിവിഷനില്‍ ജില്ലാ പഞ്ചായത്ത് നിര്‍വ്വഹിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

2018 ആഗസ്റ്റിലെ സംഭവിച്ച മഹാപ്രളയത്തില്‍ പറപ്പൂക്കര 10ാം വാര്‍ഡില്‍ തൂപ്പന്‍കാവ് തോടിന്റെ സംരക്ഷണഭിത്തി തകര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ 2018-19 ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് മണ്ണ് നീക്കം ചെയ്ത് വെള്ളം സാധാരണ ഗതിയില്‍ ഒഴുകുന്നതിനും സംരക്ഷണ ഭിത്തിയുടെ ഫൗണ്ടേഷന്‍ നിര്‍മ്മാണം, ആര്‍.സി.സി. മിഡില്‍ ബെല്‍ട്ട് എന്നിവക്കുമായി 20 ലക്ഷം രൂപ അനുവദിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് കുമാര്‍, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍ എന്നിവര്‍ മുഖ്യാതിഥികളായി. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി. നെല്‍സന്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ പി.വി. കുമാരന്‍, പ്രീത സജീവന്‍, കെ.വി. മോളി ടീച്ചര്‍, റീന ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണന്‍ സ്വാഗതവും സെക്രട്ടറി കെ.ജി. തിലകന്‍ നന്ദിയും പറഞ്ഞു.