മൃഗസംരക്ഷണ മേഖലയിലെ പുതുസംരംഭകര്‍ക്ക് സഹായം ഉറപ്പാക്കും: മന്ത്രി ജെ. ചിഞ്ചു റാണി

post

കൊല്ലം: മൃഗസംരക്ഷണമേഖലയിലെ പുതുസംരംഭകര്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ചാണപ്പാറ സന്മാര്‍ഗദായിനി ഗ്രന്ഥശാലയില്‍ സംഘടിപ്പിച്ച കുടുംബശ്രീ യൂണിറ്റുകള്‍ മുഖേനയുള്ള തീറ്റപ്പുല്‍ കൃഷി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രവാസികള്‍ ഉള്‍പ്പെടെ ധാരാളം സംരംഭകര്‍ കന്നുകാലി, ആടുവളര്‍ത്തല്‍ മേഖലയിലേക്ക് എത്തുന്നുണ്ട്. ഇവര്‍ക്ക് കൂടുതല്‍ പ്രയോജനകരമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. 50 ശതമാനം സബ്സിഡിയോടുകൂടി ധന സഹായവും ലഭ്യമാക്കും. ക്ഷീരമേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായാണ് തീറ്റപ്പുല്‍കൃഷി പരിശീലനം. വിലകൂടിയ കാലിത്തീറ്റ വാങ്ങി നല്‍കേണ്ട സാഹചര്യം ഒഴിവാക്കുന്നതിന് കൃഷി സഹായകരമാകും. ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് മുഖേനയും ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരേക്കര്‍ വീതമുള്ള 500 യൂണിറ്റ് പുല്‍കൃഷിത്തോട്ടം ഏഴ് ജില്ലകളില്‍ സ്ഥാപിക്കും. ഒരു യൂണിറ്റ് പുല്‍കൃഷിത്തോട്ടം സ്ഥാപിക്കുന്നതിന് കര്‍ഷകര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി പരമാവധി 16,000 രൂപ വരെ ധനസഹായം നല്‍കും. തിരഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ശാസ്ത്രീയമായ രീതിയില്‍ കൃഷി നടത്തുന്നതിനും പരിപാലിക്കുന്നതിനും ഉള്ള പരിശീലനവും നല്‍കും. തീറ്റപ്പുല്‍ ഇനങ്ങളുടെ നടീല്‍വസ്തുക്കള്‍ കെ.എല്‍.ഡി ബോര്‍ഡ് ആവശ്യാനുസരണം സൗജന്യമായി ലഭ്യമാക്കും.

നടീല്‍വസ്തുക്കളുടെ വിതരണോദ്ഘാടനം ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അമൃത നിര്‍വഹിച്ചു. ചടങ്ങില്‍ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ അധ്യക്ഷയായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സുജ ടി. നായര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ബി. എസ്. നിഷ, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ വി. ആര്‍. അജു, കെ.എല്‍.ഡി.ബി മാനേജിങ് ഡയറക്ടര്‍ ഡോ. ജോസ് ജെയിംസ്, മാനേജര്‍ പെഴ്സനല്‍ ഡി. ജയകുമാര്‍, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജെ. സി. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.