കലഞ്ഞൂരില്‍ മഴക്കെടുതി ഉണ്ടായ പ്രദേശങ്ങള്‍ ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു

post

പത്തനംതിട്ട: കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ മഴക്കെടുതിയില്‍ നാശനഷ്ടം ഉണ്ടായ വിവിധ പ്രദേശങ്ങള്‍ അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിനുള്ളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്, ആയുര്‍വേദ ആശുപത്രി, മൃഗാശുപത്രി തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. 

കൂടല്‍ നെല്ലിമുരുപ്പ് റോഡിലെ കലുങ്ക് ശക്തമായ വെള്ളമൊഴുക്കിനെ തുടര്‍ന്ന് തകര്‍ന്നിരുന്നു. നിരവധി വീടുകളില്‍ വെള്ളം കയറി. നാശനഷ്ടം ഉണ്ടായായിട്ടുള്ള വീടുകളുടെ നഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തകര്‍ച്ചയിലായ കലുങ്ക് അടിയന്തരമായി പുനര്‍നിര്‍മ്മിച്ച് ഗതാഗത യോഗ്യമാക്കുവാന്‍ എല്‍എസ്ജിഡി എഞ്ചിനിയര്‍ക്ക് നിര്‍ദേശം നല്‍കി. വെള്ളം കയറി തകരാറിലയ വിവിധ ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുവാന്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്ന് പരിഹാരം കാണുമെന്നും എംഎല്‍എ പറഞ്ഞു. കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി, വൈസ് പ്രഡിഡന്റ് മിനി എബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ സി.വി സുഭാഷിണി, എസ്.പി സജന്‍, കെ.സോമന്‍, ജ്യോതിശ്രീ, ഷാന്‍ ഹുസൈന്‍, സിപിഎം കൂടല്‍ ലോക്കല്‍ സെക്രട്ടറി വി.ഉന്മേഷ്, കെ.ചന്ദ്രബോസ്, എസ്.രാജേഷ് എന്നിവരും ഉണ്ടായിരുന്നു.