അഖിലേന്ത്യ സഹകരണ വാരാഘോഷം സമാപനം 20ന്

post

തിരുവനന്തപുരം: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനം തിരുവനന്തപുരത്ത് നവംബര്‍ 20ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. വനം, മൃഗസംരക്ഷണ മന്ത്രി കെ.രാജു, എം.പി.മാര്‍, എം.എല്‍.എ മാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു എന്നിവര്‍ സംബന്ധിക്കും.

സമാപന സമ്മേളനത്തിന് സംസ്ഥാന സഹകരണ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍ സ്വാഗതവും സംസ്ഥാന സഹകരണ യൂണിയന്‍ അഡീഷണല്‍ രജിസ്ട്രാര്‍സെക്രട്ടറി റ്റി.പത്മകുമാര്‍ നന്ദിയും പറയും. തുടര്‍ന്ന് ''കേരള ബാങ്കും സഹകരണ പ്രസ്ഥാനവും'' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.

നവംബര്‍ 14ന് രാവിലെ കട്ടപ്പനയില്‍ സഹകരണ പതാക ഉയര്‍ത്തുന്നതോടെ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് തുടക്കമാകും. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിനുശേഷം 'കേരള ബാങ്ക്' സംബന്ധിച്ച് സെമിനാര്‍ നടക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് സഹകരണ ഘോഷയാത്ര. ഇടുക്കിക്ക് പുറമെ എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുളള സഹകാരികള്‍ ഉള്‍പ്പെടെ 5,000 ത്തിലധികം പേര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. 

നവംബര്‍ 13ന് എറണാകുളത്ത് നിന്ന് കൊടിമരജാഥയും കോട്ടയത്തു നിന്ന് പതാകജാഥയും കട്ടപ്പനയില്‍ എത്തും. വാരാഘോഷത്തിന്റെ ഭാഗമായി ഒരാഴ്ചക്കാലം സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കിള്‍ സഹകരണ യൂണിയനുകളുടെ നേതൃത്വത്തിലും പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കും. ഉദ്ഘാടനസമാപന സമ്മേളനങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 3,000 ത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും.

വാരാഘോഷത്തിന്റെ ലോഗോയുടെയും വെബ്‌സൈറ്റിന്റെയും ഉദ്ഘാടനം സംസ്ഥാന സഹകരണ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ കോലിയക്കോട്.എന്‍.കൃഷ്ണന്‍ നായര്‍ നിര്‍വഹിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ബാബുപോള്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ.രാജേന്ദ്രന്‍, സംസ്ഥാന സഹകരണ യൂണിയന്‍ അഡീഷണല്‍ രജിസ്ട്രാര്‍സെക്രട്ടറി റ്റി.പത്മകുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.ബി.അജിത്കുമാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ ഷെരീഫ്, തമ്പി തോമസ് എന്നിവര്‍ പങ്കെടുത്തു.