മഴ; ദുരന്ത പ്രതിരോധ നടപടികള്‍ സജീവം

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് പല കേന്ദ്രങ്ങളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ ദുരന്ത പ്രതിരോധ നടപടികള്‍ സജീവമാക്കി. കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി.
പള്ളാത്തുരുത്തി, നെടുമുടി, കാവാലം, നിരേറ്റുപുറം, കിടങ്ങറ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. പമ്പ്, അച്ചന്‍കോവില്‍ ആറുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ(നവംബര്‍ 14) വൈകുന്നേരം ആറു വരെ 13 ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. 67 കുടുംബങ്ങളിലെ 229 പേരാണ് ക്യാമ്പുകളിലുള്ളത്. കുട്ടനാട് താലൂക്കില്‍ 50 ഗ്രുവല്‍ സെന്ററുകളില്‍ നിന്ന് 1131 കുടുംബങ്ങളിലെ 4564 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ 24 മണിക്കൂറും ജാഗ്രതാ സംവിധാനം സജ്ജമാണെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ പറഞ്ഞു.