ഉന്നത വിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ വിദ്യാർഥികൾ ഉപയോഗപ്പെടുത്തണം: ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

post

നക്ഷത്ര തിളക്കം 2026': വിദ്യാഭ്യാസ-കായിക അവാർഡുകൾ വിതരണം ചെയ്തു


കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിനും നിരവധി തൊഴിൽ അവസരങ്ങൾക്കുമുള്ള സാധ്യതകൾ വിദ്യാർഥികൾ പ്രയോജനപ്പെടുത്തണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ​കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ആലപ്പുഴ മേഖലയുടെ പരിധിയിൽ വരുന്ന മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കൾക്കുള്ള വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡ് വിതരണോദ്ഘാടനം (നക്ഷത്ര തിളക്കം 2026) ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.


​മയക്കുമരുന്ന് വിപത്തിൻ്റെ വേരറുക്കുന്നതിനായി വിദ്യാർഥികളും രക്ഷകർത്താക്കളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. മത്സ്യത്തൊഴിലാളി മേഖലയിലെ വിദ്യാർഥികൾ ജില്ലയിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. വിദ്യാർഥികൾ നാട്ടിലെ മികച്ച പൗരന്മാരായി മാറണമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.


​ജി. സുധാകരൻ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷനായി. കേരളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് സമ്പന്നമാണെന്നും ഇത് ഫലപ്രദമായ രീതിയിൽ വിദ്യാർഥികൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൻ്റെ പുരോഗതിക്കും സാമൂഹ്യനീതിക്ക് വേണ്ടിയും വിദ്യാർഥികൾ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


​വിദ്യാർഥികൾ വലിയ സ്വപ്നങ്ങൾ കാണണമെന്നും കഠിനാധ്വാനത്തിലൂടെ തങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കണമെന്നും എ.ഡി. തോമസ് എം.എൽ.എ പറഞ്ഞു. കായിക അവാർഡ് വിതരണം ചടങ്ങിൽ എംഎൽഎ നിർവഹിച്ചു.


​നഗരസഭ അധ്യക്ഷ മോളി ജേക്കബ്, മത്സ്യബോർഡ് കമ്മീഷണർ ഡോ. ആശ അഗസ്റ്റിൻ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വൈ. പ്രസാദ്, നഗരസഭ സ്ഥിരം സമിതി അംഗം എ.എം. നൗഫൽ, ആലപ്പുഴ റീജിയണൽ എക്സിക്യൂട്ടീവ് പി.ആർ. കുഞ്ഞച്ചൻ, നഗരസഭാംഗം എ.എസ്. കവിത ,

​ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രശാന്തൻ, മത്സ്യബോർഡ് ജില്ലാ മാനേജർ അനിത ഫിഷറീസ് ഓഫീസർ വിനീത് വിജയ്,

ട്രേഡ് യൂണിയൻ നേതാക്കൾ, വിവിധ മത്സ്യത്തൊഴിലാളി-അനുബന്ധ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


​2025-26 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു, യൂണിവേഴ്സിറ്റി തലം, കായിക മത്സരങ്ങൾ എന്നിവയിൽ ഉന്നത വിജയം നേടിയ ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാർഥികൾക്കാണ് മൊമെന്റോയും ക്യാഷ് അവാർഡും നൽകി ചടങ്ങിൽ ആദരിച്ചത്.