ജില്ലയില്‍ സാക്ഷരതാ പരീക്ഷക്ക് തുടക്കം; ഇതുവരെ പരീക്ഷയെഴുതിയത് 922 പേര്‍

post

പാലക്കാട്: സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മികവുത്സവം സാക്ഷരതാ പരീക്ഷക്ക് ജില്ലയില്‍ തുടക്കമായി. നവംബര്‍ ഏഴ് മുതല്‍ 14 വരെയാണ് പരീക്ഷ നടക്കുന്നത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ ഇതുവരെ 922 പേരാണ് പരീക്ഷയെഴുതിയത്. ആലത്തൂര്‍ ബ്ലോക്ക്തല മികവുത്സവത്തില്‍ പരീക്ഷക്ക് എത്തിയവരെ ജനപ്രതിനിധികളുടേയും പഠിതാക്കളുടേയും നേതൃത്വത്തില്‍ വരവേറ്റു. പരിപാടിയുടെ ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു.  ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി അധ്യക്ഷയായി. ആലത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന മികവുത്സവം പരീക്ഷയ്ക്കെത്തിയ ജില്ലയിലെ പ്രായം കൂടിയ പഠിതാക്കളിലൊരാളായ 81 വയസുകാരി കല്യാണിയമ്മയെ കെ.ഡി. പ്രസേനന്‍ എം.എല്‍.എ സ്വീകരിച്ചു. സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പരുവിക്കല്‍, പഞ്ചായത്ത് അംഗങ്ങള്‍, പ്രേരക്മാര്‍ എന്നിവര്‍ പങ്കെടുത്തു.