വിദ്യാര്‍ത്ഥികളെ കാത്ത് കളിമുറ്റങ്ങള്‍: മുന്നൊരുക്കങ്ങള്‍ വിലയിരുത്തി കലക്ടര്‍

post

തൃശൂര്‍: നീണ്ട ഇടവേളയ്ക്ക് ശേഷം നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ സജീവമാകുമ്പോള്‍ കളിമുറ്റവും സുരക്ഷാ സന്നാഹവുമൊരുക്കി കാത്തിരിക്കുകയാണ് ജില്ലയിലെ വിദ്യാലയങ്ങള്‍. അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി  മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ സ്‌കൂളുകളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. 

അരണാട്ടുകരയിലെ ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, ഇന്‍ഫെന്റ് ജീസസ് ഹൈസ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലാണ് കലക്ടര്‍ ഹരിത വി കുമാര്‍,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ സന്ദര്‍ശനം നടത്തിയത്. 

കുട്ടികള്‍ എത്തിതുടങ്ങുന്നതിന് മുന്‍പെ സ്‌കൂളുകളില്‍ ക്ലാസ് റൂമുകളും കിണറുകളും പരിസരവും ശുചിയാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം തൊഴിലുറപ്പ്, കുടുംബശ്രീ, അധ്യാപകര്‍, പി ടി എ അംഗങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് 

അപ്പര്‍ പ്രൈമറി സ്‌കൂള്‍ പ്രവേശന ഉത്സവത്തിന് ഒരുങ്ങിയത്. അണുവിമുക്ത സജ്ജീകരണങ്ങള്‍ക്ക് പുറമെ  ശലഭോദ്യാനവും ബയോ ഡൈവേഴ്‌സിറ്റി പാര്‍ക്കും ഇവിടെ കുട്ടികളെ സ്വീകരിക്കും.

225 വിദ്യാര്‍ത്ഥികള്‍ എത്തുന്ന ഇന്‍ഫെന്റ് ജീസസ് സ്‌കൂളില്‍ കുട്ടികള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഓരോ നിലയിലും പ്രത്യേകം അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.

സാനിറ്റൈസര്‍, തെര്‍മോസ്‌കാനര്‍, പള്‍സ് ഓക്‌സി മീറ്റര്‍ തുടങ്ങിയ കോവിഡ് പ്രതിരോധ സംവിധാനങ്ങളും  വിദ്യാലയങ്ങളില്‍ സജ്ജമാണ്.

മാതൃകാപരമായ മുന്നൊരുക്കങ്ങളാണ് ജില്ലയിലെ സ്‌കൂളുകളില്‍ ഒരുക്കിയിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡെവിസ് മാസ്റ്റര്‍ പറഞ്ഞു. കോവിഡ് കാലഘട്ടം കുട്ടികളില്‍ വലിയ  ആഘാതങ്ങളുണ്ടാക്കിയിട്ടുണ്ട്. അത് കണ്ടെത്തി ഇടപെടാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്ന് സന്ദര്‍ശന വേളയില്‍ കലക്ടര്‍ പറഞ്ഞു.

വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ വി വല്ലഭന്‍,  വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി വി മദനമോഹനന്‍, ഡി ഇ ഒ പി വി മനോജ്കുമാര്‍, തൃശൂര്‍ ഈസ്റ്റ് എ ഇ ഒ പി കെ ബാലകൃഷ്ണന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.