ജാഗ്രത തുടർന്ന് ജില്ല :26 ക്യാമ്പുകളിലായി 216 കുടുംബങ്ങൾ

post

തൃശൂർ: ജില്ലയിൽ നിലവിൽ 26 ക്യാമ്പുകളിലായി 216 കുടുംബങ്ങൾ തുടരുന്നു. ഇതിൽ 261 പുരുഷൻമാരും 309 സ്ത്രീകളും 134 കുട്ടികളുമുണ്ട്. ചാലക്കുടി, കൊടുങ്ങല്ലൂർ, മുകുന്ദപുരം, തൃശൂർ താലൂക്കുകളിലാണ് ക്യാമ്പുകൾ തുടരുന്നത്. കൂടുതൽ ക്യാമ്പുകൾ ആവശ്യാനുസരണം തുറക്കാൻ എല്ലാ പഞ്ചായത്തുകളും സജ്ജമായിട്ടുണ്ട്. 

മഴയുടെ പശ്ചാത്തലത്തിൽ കൃത്യമായ മുന്നറിയിപ്പ് നൽകി കൊണ്ടുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലയിൽ നടപ്പിലാക്കുന്നത്. ഡാമുകളിലെയും പുഴകളിലെയും ജലനിരപ്പ്, മഴ എന്നിവ കൃത്യമായി നിരീക്ഷിച്ച് നടപടികൾ സ്വീകരിച്ച് വരികയാണ്. 

ചിമ്മിണി ഡാമിന്റെ ഷട്ടറുകൾ 15 സെ.മീ യിൽ നിന്ന് 30 സെ.മീ വരെ ഉയർത്താനുള്ള അനുമതി  നൽകിയിട്ടുണ്ട്. ഘട്ടം ഘട്ടമായി കൃത്യമായ മുന്നറിയിപ്പുകൾ നൽകിയാണ് ഷട്ടറുകൾ ഉയർത്തുന്നത്. നിലവിൽ ഷട്ടറുകൾ 19 സെ.മീ ആയി ഉയർത്തിയിട്ടുണ്ട്. 

ഇന്നും നാളെയും (ഒക്ടോബർ 20, 21) ജില്ലയിൽ ഓറഞ്ച് അലേർട്ട് ആയതിനാൽ മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. പഞ്ചായത്ത് അധികൃതർ, ഉദ്യോഗസ്ഥർ എന്നിവരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. 

ജില്ലാതലത്തിലും എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ള പുഴയോരങ്ങളിലും മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിലും മൈക്ക് അനൗൺസ്മെന്റ് വഴി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. 

അധികൃതരുടെ നിർദേശ പ്രകാരം ഇവിടങ്ങളിലുള്ളവർ ക്യാമ്പുകളിലേയ്ക്കും ബന്ധുവീടുകളിലേയ്ക്കും മാറിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് റവന്യൂ, ഫയര്‍ ആന്റ് റെസ്‌ക്യൂ, പൊലീസ്, കെഎസ്ഇബി തുടങ്ങിയ വിഭാഗങ്ങളും സജ്ജരാണ്.