ജില്ലയിലെ ആദ്യ ലൈഫ് ഭവനസമുച്ചയം കടമ്പൂരില്‍;

post

മുഖ്യമന്ത്രി 22ന് തറക്കല്ലിടും

കണ്ണൂര്‍ : ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആദ്യമായി നിര്‍മിക്കുന്ന ഭവന സമുച്ചയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി 22ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സ്വന്തമായി വീടും ഭൂമിയും ഇല്ലാത്തവര്‍ക്കാണ് ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ചു നല്‍കുന്നത്. കടമ്പൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ പനോന്നേരി വെസ്റ്റിലാണ് ജില്ലയിലെ ആദ്യത്തെ ലൈഫ് കെട്ടിട സമുച്ചയം ഉയരുന്നത്.

കടമ്പൂര്‍ പഞ്ചായത്ത് വിട്ടുനല്‍കിയ 41 സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുക. നാല് നിലകളിലായി 44 വീടുകളാണ് നിര്‍മിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നാം നില, രണ്ടാം നില എന്നിവയില്‍ 12 വീടുകള്‍ വീതവും മൂന്നാം നിലയില്‍ എട്ട് വീടുകളും ഒരുക്കും. സംസ്ഥാനത്ത് പൈലറ്റ് പദ്ധതിയായി നിര്‍മ്മിക്കുന്ന 14 കെട്ടിട സമുച്ചയങ്ങളില്‍ ആദ്യത്തേതാണ് കടമ്പൂരില്‍ ഒരുങ്ങുക. 6.4 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

ആഡൂര്‍ പാല്‍ സൊസൈറ്റി ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശന്‍ ചെയര്‍മാനായും ലൈഫ് മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ എന്‍ അനില്‍ കണ്‍വീനറായും സംഘാടക സമിതി രൂപികരിച്ചു. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ രക്ഷാധികാരികളാണ്.