നാപ്സ്റ്റാര്‍' ജനകീയമാകുന്നു ;പത്ത് വര്‍ഷം പിന്നിട്ട് കുടുംബശ്രീ അപ്പാരല്‍ യൂണിറ്റ്

post

കൊല്ലം : നെടുമ്പന പഞ്ചായത്തിലെ അപ്പാരല്‍ പാര്‍ക്ക് തുടങ്ങിയിട്ട് വര്‍ഷം പത്താകുന്നു. ഒന്നല്ല ഒരു ലക്ഷം തുണിസഞ്ചികളാണ് ഓര്‍ഡര്‍ അനുസരിച്ച് ഇവര്‍ തയ്യാറാക്കി നല്‍കുന്നത്. നെടുമ്പന ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച അപ്പാരല്‍ പാര്‍ക്ക് പ്ലാസ്റ്റിക് നിരോധനത്തോടെയാണ് ജനശ്രദ്ധ നേടുന്നത്. നാപ്സ്റ്റാര്‍ എന്ന ബ്രാന്‍ഡ് നെയിം ഇതിനോടകം ജനങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ആദ്യഘട്ടത്തില്‍ യൂണിഫോം, യൂണിഫോം കോട്ടുകള്‍, ഷര്‍ട്ട് എന്നിവയായിരുന്നു തയ്ച്ചു നല്‍കിയിരുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തുണിസഞ്ചികള്‍ എന്ന ആശയത്തിലേക്ക് ഇവരെത്തുന്നത്. നെടുമ്പന കളയ്ക്കല്‍ ആണ് അപ്പാരല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. ഒരു ദിവസം 10001500 സഞ്ചികള്‍ ഈ നിര്‍മാണ യൂണിറ്റിലൂടെ പിറവിയെടുക്കുന്നു. പ്രധാനമായും കോട്ടണ്‍, പോളിസ്റ്റര്‍, കോറ തുണികള്‍ ആണ് സഞ്ചി നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. സഞ്ചികള്‍ക്ക് ആവശ്യമായ തുണികള്‍ തമിഴ്‌നാട്ടിലും ബാംഗ്ലൂരില്‍ നിന്നുമായാണ് ശേഖരിക്കുന്നത്.
എട്ട് മുതല്‍ ഇരുപത്തിമൂന്ന് രൂപവരെയാണ് ഒരു തുണിസഞ്ചിയുടെ വില. പഴയ സാരി നല്‍കിയാല്‍ ഇവര്‍ സഞ്ചികളാക്കി തിരികെ നല്‍കും. ഇങ്ങനെ ലഭിക്കുന്ന സഞ്ചിക്ക് ഒന്നിന് അഞ്ച് രൂപ നല്‍കണം. തുണിസഞ്ചി നിര്‍മാണത്തില്‍ വേസ്റ്റ് വരുന്ന തുണികള്‍ ഉപയോഗിച്ചു ആകര്‍ഷകമായ ചവിട്ടികള്‍, ഫ്രിഡ്ജിന്റെ കവര്‍, പൗച്ച്, ബാഗ് എന്നിവയും നിര്‍മിച്ചു നല്‍കുന്നു.സ്‌ക്രീന്‍ പ്രിന്റിങ്, എംബ്രോയ്ഡറി വര്‍ക്ക് എന്നിവയും ആവശ്യനുസരണം ചെയ്തു കൊടുക്കും. കുടുംബശ്രീയ്‌ക്കൊപ്പം ശുചിത്വഹരിത മിഷനുകളുടെ സഹകരണവും അപ്പാരല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിന് ലഭിക്കുന്നു. കൊച്ചി മെട്രോ, സംസ്ഥാന ഭാഗ്യക്കുറി, ഹാന്‍ഡക്‌സ്, കാരുണ്യ മെഡിക്കല്‍ ഫാര്‍മസി, ഹരിതകര്‍മസേന എന്നിവയ്‌ക്കെല്ലാം യൂണിഫോം നിര്‍മിച്ചു നല്‍കുന്നത് ഈ അപ്പാരല്‍ പാര്‍ക്കിലാണ്. ഇതിനോടകം 3000 കോട്ടുകള്‍ വിവിധ മേഖലയിലേക്ക് നിര്‍മിച്ചു നല്‍കി കഴിഞ്ഞു. കണ്‍വീനര്‍ ഗിരിജകുമാരിയുടെയും മനേജര്‍ ജയലക്ഷ്മിയുടെയും നേതൃത്വത്തില്‍  25 കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇവിടെ ജോലി ചെയ്തു വരുന്നത്. വനിതാ കൂട്ടായ്മയുടെ മികവുറ്റ പ്രവര്‍ത്തനത്തിന് പൂര്‍ണ പിന്തുണയുമായി നെടുമ്പന ഗ്രാമപഞ്ചായത്ത് ഒപ്പമുണ്ട്.