കൊറോണ വൈറസ് ബാധ; 25 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ വകുപ്പിന്റെ 15 ടീമുകള്‍

post

കൊല്ലം : ജില്ലയില്‍ കൊറോണ വൈറസ് ദൈനംദിന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ജില്ലാ മെഡിക്കല്‍ ആഫീസറുടെ നേതൃത്വത്തില്‍ 15 ടീമുകള്‍ രൂപീകരിച്ചു. വിദേശികള്‍ സന്ദര്‍ശിക്കാനിടയുള്ള ഹോട്ടലുകള്‍, സ്വകാരൃ റിസോര്‍ട്ടുകള്‍, ആശ്രമങ്ങള്‍ എന്നിവിടങ്ങളില്‍ ജില്ലാ ടീം സന്ദര്‍ശിക്കുകയും സുരക്ഷാ മാര്‍ഗങ്ങള്‍  കര്‍ശനമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ജില്ലയില്‍ നിന്നും പരിശോധനക്കയച്ച മൂന്നു സാമ്പിളുകളുടയും ഫലം നെഗറ്റീവ് ആണ്. ഇന്ന് 11 പേര്‍ കൂടി നിരീക്ഷണത്തിലായി ഇതോടെ ജില്ലയില്‍ ആകെ 195 പേര്‍ വീടുകളില്‍  നിരീക്ഷണത്തിലാണ്. 25 പേര്‍  നിരീക്ഷണം പൂര്‍ത്തിയാക്കുകയും ചെയ്തു.
ജില്ലാതലത്തിലും പ്രാദേശിക തലത്തിലും വിവിധ  ഓഫീസുകള്‍, സ്‌കുളുകള്‍, സ്വകാര്യ ആശുപത്രികള്‍, കോളേജുകള്‍, തുടങ്ങിയിടങ്ങളില്‍ ബോധവത്കരണ ക്ലാസുകളും ജാഗ്രത നിര്‍ദേശങ്ങളും നല്‍കി. ഇതുവരെ  വിദ്യാര്‍ഥികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി  വിവിധ തലങ്ങളിലുള്ള 7013 ഓളം ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധയെക്കുറിച്ച് പരിശീലനം നല്‍കി.
കൊറോണ ജാഗ്രത പ്രതിജ്ഞ ജില്ലയില്‍ മെഡിക്കല്‍ ആഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍  ഏറ്റുചൊല്ലി. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പഞ്ചായത്ത് ആഫീസുകളിലും സ്വകാര്യ ആശുപത്രികളിലും ഇന്ന് (ഫെബ്രുവരി 6) പ്രത്യേക അസംബ്ലി, യോഗം എന്നിവ ചേര്‍ന്ന്  പ്രതിജ്ഞ ചൊല്ലാന്‍ നിര്‍ദേശം നല്‍കി.
വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ചൈനയില്‍ നിന്ന് ജില്ലയില്‍ എത്തിയവരില്‍ ഇനിയും ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ പേര് വിവരങ്ങള്‍ രേഖപ്പെടുത്താത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ എത്രയുംവേഗം റിപ്പോര്‍ട്ട് ചെയ്യണമെന്നും ഇതിനായി   24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം മെഡിക്കല്‍ ആഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും  ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ വി വി ഷേര്‍ലി അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍: 8589015556, 7306750040, 04742794004.