പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
തൃശ്ശൂര്‍: എടത്തിരുത്തി പഞ്ചായത്തില്‍ ജൈവ പച്ചക്കറി കൃഷി വ്യാപനം പദ്ധതിയുടെ ഭാഗമായി 521 വനിതകള്‍ക്ക് പച്ചക്കറി തൈകളും വളവും വിതരണം ചെയ്തു. ഒരാള്‍ക്ക് 100 പച്ചക്കറിതൈകളും 26 കിലോ മണ്ണിര കമ്പോസ്റ്റുമാണ് നല്‍കിയത്. ശീതകാല പച്ചക്കറികളായ കാബേജ്, കോളി ഫഌറും മറ്റു പച്ചക്കറി തൈകളുമാണ് വിതരണം ചെയ്തത്.
ജനകീയാസൂത്രണ പദ്ധതി പ്രകാരം 2.35 ലക്ഷം രൂപയാണ് പഞ്ചായത്ത് ചിലവഴിച്ചത്. 65 രൂപയാണ് ഗുണഭോക്തൃ വിഹിതം. മതിലകം ബ്ലോക്കിന് കീഴിലുള്ള അഗ്രോ സര്‍വീസ് സെന്ററില്‍ നിന്നാണ് തൈകള്‍ വാങ്ങിയത്. എടത്തിരുത്തി കൃഷി ഭവനില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ സി.എം. റുബീന പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗങ്ങളായ ഷിഹാസ് മുറിത്തറ, നൗമി പ്രസാദ്, ഷെറീന ഹംസ, ബ്ലോക്ക് പഞ്ചായത്തംഗം ലൈല മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.










