ചന്ദനക്കുന്ന് എസ്.എം.എസ്.ജി യുപി സ്‌കൂള്‍ നാടിന്റെ അഭിമാനം

post

പത്തനംതിട്ട : ഇലവുംതിട്ട ചന്ദനക്കുന്ന് സരസകവി മൂലൂര്‍ സ്മാരക ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.

ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി  വീണാ ജോര്‍ജ് ശിലാഫലകം അനാച്ഛാദനം ചെയ്തു. 

ഇലവുംതിട്ട ചന്ദനക്കുന്ന് സരസകവി മൂലൂര്‍ സ്മാരക ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ചരിത്ര പശ്ചാത്തലം വിളംബരം ചെയ്യുന്ന നാടിന്റെ അഭിമാനമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചന്ദനക്കുന്ന് സരസകവി മൂലൂര്‍ സ്മാരക ഗവണ്‍മെന്റ് യുപി സ്‌കൂളിന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച ഒരു കോടി 35 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കുന്നത്. സ്‌കൂളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ കൂടിയാണെന്നതില്‍ അഭിമാനിക്കുന്നതായും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ സര്‍വതല സ്പര്‍ശിയായ വികസന പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പാക്കി വരുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വഴി  വിദ്യാലയങ്ങള്‍ ഹൈടെക്ക് ആക്കുകയും വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്‌തെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യാതിഥിയായിരുന്നു.  

സംസ്ഥാന സര്‍ക്കാരിന്റെ  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണ്. പുതിയ കെട്ടിടത്തില്‍ ആധുനിക രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. ഇരുനിലക്കെട്ടിടത്തിലായി തഴെത്തെ നിലയില്‍ നാല് ക്ലാസ് റൂമും സ്റ്റാഫ് റൂമും, മുകളിലത്തെ നിലയില്‍ ലാബ്, കമ്പ്യൂട്ടര്‍ലാബ്, ലൈബ്രറി തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത കുഞ്ഞുമോന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി അശോകന്‍, വാര്‍ഡ് അംഗം വി.വിനോദ്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ബീനാറാണി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോട്, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി. വേണുഗോപാല്‍, ജില്ലാ പ്രോഗ്രാം കണ്‍വീനര്‍ പ്രകാശ്കുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജെ. നിഷ, ആറന്മുള ബി.പി.സി ശിഹാബുദ്ദീന്‍, ഹെഡ്മിസ്ട്രസ് സിന്ധു ഭാസ്‌കര്‍, സീനിയര്‍ അധ്യാപിക കെ.കെ. സുനിമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.