വള്ളം മറിഞ്ഞ് അപകടം : മരിച്ചവര്‍ക്ക് അടിയന്തര സഹായവും പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും

post

കൊല്ലം : അഴീക്കലില്‍ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരിച്ച ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ തറയില്‍ക്കടവ് സ്വദേശികളായ സുദേവന്‍(53), തങ്കപ്പന്‍(70), ശ്രീകുമാര്‍(52), സുനിദത്ത്(24) എന്നിവര്‍ക്ക് അടിയന്തര ധനസഹായമായി 10000 രൂപയും പരുക്കേറ്റ തറയില്‍ക്കടവ് സ്വദേശികളായ തരുണ്‍, അരവിന്ദന്‍, അനീഷ്, റിജു, സോമന്‍, ഭാനു, ബിജു, അക്ഷകുമാര്‍, സജീവന്‍, രമണന്‍, ബൈജു, സുമേഷ് എന്നിവര്‍ക്ക് 5000 രൂപയും നല്‍കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മരണമടഞ്ഞവരുടെ വീട്ടിലും പരുക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലുമായി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിനൊപ്പം സന്ദര്‍ശിച്ച ശേഷമാണ് പ്രഖ്യാപനം. പരുക്കേറ്റവര്‍ക്ക് ചികിത്സ സൗജന്യമായി നല്‍കും. മരണമടഞ്ഞവരുടെ കുടുംബത്തിന് കൂടുതല്‍ ധനസഹായം നല്‍കുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രിമാര്‍ അറിയിച്ചു.

എം.എല്‍.എ മാരായ പി. പി. ചിത്തരഞ്ജന്‍, സി. ആര്‍. മഹേഷ് എന്നിവരും മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു. ഓംകാരം എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.