കടലാക്രമണത്തിന് പരിഹാരമായി ആധുനിക പുലിമുട്ട്

post

ആലപ്പുഴ: കടലാക്രമണം പതിവായ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരപ്രദേശങ്ങളില്‍ ആധുനിക പുലിമുട്ട് നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കടലാക്രമണം തടയുകയെന്ന ലക്ഷ്യത്തോടെ ആറാട്ടുപുഴ തീരദേശ മേഖലകളില്‍ കിഫ്ബി പദ്ധതിപ്രകാരം തുക അനുവദിച്ചു 50 ആധുനിക പുലിമുട്ട് സംവിധാനമായ ടെട്രാപോഡുകളുടെ നിര്‍മ്മാണമാണ് നടക്കുന്നത്.  ആറാട്ടുപുഴ ഗ്രാമപഞ്ചായത്തില്‍ അതിശക്തമായ കടലാക്രമണം നേരിടുന്ന നല്ലാണിക്കല്‍, വട്ടച്ചാല്‍ തീരപ്രദേശങ്ങളിലും തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിയാങ്കരയിലുമാണ് പുലിമുട്ടുകള്‍ നിര്‍മ്മിക്കുന്നത്.

ആറാട്ടുപുഴയില്‍ 26.23 കോടി രൂപ ചിലവഴിച്ച് 1.2 കിലോമീറ്റര്‍ നീളത്തില്‍ 21 പുലിമുട്ടുകളാണ് സ്ഥാപിക്കുന്നത്. വട്ടച്ചാല്‍ മേഖലയില്‍ 28.83 കോടി രൂപ വകയിരുത്തി 1.7 കിലോമീറ്റര്‍ നീളത്തില്‍ 16 പുലിമുട്ടുകളും പതിയാങ്കരയില്‍ 20.08 കോടി രൂപ വകയിരുത്തി 1.5 കിലോ മീറ്റര്‍ നീളത്തില്‍ 13 പുലിമുട്ടുകളുമാണ് സ്ഥാപിക്കുക. കോണ്‍ക്രീറ്റ് ചെയ്തു നിര്‍മിക്കുന്ന നാല് കാലുകളുള്ള ടെട്രാപോഡുകള്‍ രണ്ട് ടണ്‍ വീതവും അഞ്ച് ടണ്‍ വീതവും ഭാരത്തിലാണ് നിര്‍മിക്കുന്നത്. ഓരോ പുലിമുട്ട് തമ്മിലും 100 മീറ്റര്‍ അകലം ഉണ്ടാകും. കടലിലേക്ക് 40 മീറ്റര്‍ നീളത്തിലും അഗ്രഭാഗത്ത് ബള്‍ബിന്റെ ആകൃതിയില്‍ 20 മീറ്റര്‍ വീതിയിലുമാണ് പുലിമുട്ട് നിര്‍മിക്കുന്നത്. മൂന്ന് തട്ടുകളിലായി പല വലുപ്പമുള്ള കരിങ്കല്ലുകള്‍ പാകിയതിനു ശേഷം രണ്ട് തട്ടില്‍ ടെട്രാപോഡുകള്‍ അതിനു മുകളില്‍ സ്ഥാപിക്കും.

കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്ന പുലിമുട്ടിന് തിരമാലകളുടെ പ്രഹരശേഷി  കുറയ്ക്കാനും തീരം നഷ്ട്ടപ്പെടുന്നത് പ്രതിരോധിച്ച് കൂടുതല്‍ മണല്‍ അടിഞ്ഞ് സ്വഭാവിക ബീച്ച് രൂപം കൊള്ളുന്നതിനും സാധിക്കും. കടലാക്രമണം രൂക്ഷമായ തൃക്കുന്നപ്പുഴയിലെ തീരദേശ മേഖലകളില്‍ ആധുനിക സംവിധാനമായ ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നതോടെ തിരമാലകളെ തടഞ്ഞു റോഡുകളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും കടല്‍വെള്ളം എത്തുന്നത് തടയാന്‍ കഴിയും. ഇവ തീരദേശ മേഖലകളെ സുരക്ഷിതമാക്കും.

ടെട്രാപോഡുകളുടെ നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്നും കരിങ്കല്‍ പാകുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഹരന്‍ ബാബു പറഞ്ഞു.