കൊറോണ: കളക്ടറേറ്റില്‍ അടിയന്തര യോഗം ചേര്‍ന്നു
 
                                                തിരുവനന്തപുരം : തലസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ മുന്‍കരുതല്‍ നടപടികള്‍ തൃപ്തികരമാണെന്ന് കളക്ടര്‍ പറഞ്ഞു. എന്നാല്‍ എല്ലാവരുടെയും ഭാഗത്തു നിന്ന് ജാഗ്രത വേണ്ട സമയമാണിത്. അതിരു കടന്ന ആശങ്കയുണ്ടാക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാതല ഉദ്യോഗസ്ഥരും ഡോക്ടര്‍മാരുമടങ്ങുന്ന 15 ടീമുകളെ നിയോഗിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കളക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങി. മെഡിക്കല്‍ കോളേജിലും ജനറല്‍ ഹോസ്പിറ്റലിലും നിരീക്ഷണ വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ചൈനയില്‍ നിന്ന് വരുന്നവര്‍ 28 ദിവസം നിരീക്ഷണത്തിലായിരിക്കണം. ടൂറിസം റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ചൈനയില്‍ നിന്ന് എത്തിയവരുണ്ടെങ്കില്‍ അവിടെ തന്നെ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണം. ഇക്കാര്യം ആരോഗ്യ വകുപ്പിനെയും ടൂറിസം വകുപ്പിനെയും അറിയിക്കുകയും വേണം. വിമാനത്താവളത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്‍കി. പഞ്ചായത്തുതലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗബാധയുണ്ടെന്ന് സംശയിക്കാവുന്ന സാഹചര്യമുണ്ടായിരിക്കുകയും ചികിത്സ തേടാതിരിക്കുകയും ചെയ്താല്‍ പോലീസ് സഹായത്തോടെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് വി.ആര്‍. വിനോദ്, അസിസ്റ്റന്റ് കളക്ടര്‍ അനുകുമാരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രീത പി.പി, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍, പോലീസ്, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.










