കരവിരുതില്‍ തീര്‍ത്ത വിസ്മയങ്ങള്‍ കൈരളി ക്രാഫ്റ്റ് ബസാറിന് തുടക്കമായി

post

കൊല്ലം: മീന്‍മുള്ളില്‍ വിരിയുന്ന വര്‍ണ പൂക്കള്‍ മുതല്‍ തടിയില്‍ കൊത്തിയെടുത്ത ചിരാതുകള്‍ വരെ വിസ്മയം തീര്‍ക്കുന്ന കൈരളി ക്രാഫ്റ്റ് ബസാറിന് തുടക്കമായി. കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ പരിധിയിലുള്ള കരകൗശല വികസന കമ്മീഷനറേറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പോടെ സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ആശ്രാമം മൈതാനത്താണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

മേയര്‍ അഡ്വ വി രാജേന്ദ്രബാബു ഉദ്ഘാടനം നിര്‍വഹിച്ചു. കരകൗശല രംഗത്തെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍ സ്ഥിരം ക്രാഫ്റ്റ് ബസാറുകള്‍ ജില്ലയില്‍ ആരംഭിക്കാന്‍ ശ്രമം നടത്തുമെന്ന് മേയര്‍ പറഞ്ഞു. കരകൗശല കലാകാരന്മാരുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികളുമായി ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേളയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 150ല്‍പരം ചെറുകിട കരകൗശല കൈത്തറി ഉല്‍പ്പാദകര്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വിപണനം നടത്തുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ക്രാഫ്റ്റ് ബസാര്‍ ദിവസവും രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും.

കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ എസ് സുനില്‍കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ എന്‍ കെ മനോജ്, കേന്ദ്ര കരകൗശല വികസന ഡെപ്യൂട്ടി ഡയറക്ടര്‍ എം പ്രഭാകരന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ  ഹണി ബെഞ്ചമിന്‍, റീന സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മേള 18ന് സമാപിക്കും.