തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണം മനുഷ്യന്റെയും പ്രകൃതിയുടെയും നിലനില്‍പ്പിന്: മന്ത്രി ഇ പി ജയരാജന്‍

post

കണ്ണൂര്‍ :തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണം മനുഷ്യ സമൂഹത്തിന്റെയും പ്രകൃതിയുടെയും നിലനില്‍പ്പിനു അനിവാര്യമാണെന്ന് വ്യവസായ കായിക മന്ത്രി ഇ പി ജയരാജന്‍. ലോക തണ്ണീര്‍ത്തട ദിനത്തോടനുബന്ധിച്ച് മലബാര്‍ അവെയര്‍നെസ് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് (മാര്‍ക്) സംഘടന ജില്ലാ പഞ്ചായത്ത് മിനി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജനസംഖ്യ വര്‍ധിക്കുമ്പോള്‍ അതിന് ആനുപാതികമായി പ്രകൃതി ചൂഷണവും നടക്കുന്നുണ്ട്. അതിനാല്‍  ജൈവസമ്പത്ത് സംരക്ഷിച്ച് കൊണ്ടായിരിക്കണം മനുഷ്യര്‍ പുരോഗതി കൈവരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയ്ക്ക് വേണ്ടി കാട്ടാമ്പള്ളി പുഴയിലെ ആവാസ വ്യവസ്ഥയെക്കുറിച്ച്  മാര്‍ക് സെക്രട്ടറിയും ഗവേഷക വിദ്യാര്‍ത്ഥിയുമായ റോഷ്‌നാഥ് രമേശ് തയ്യാറാക്കിയ 'ഫോണ ഓഫ് കാട്ടാമ്പള്ളി' എന്ന പഠനത്തിന്റെ പ്രകാശനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. കാട്ടാമ്പള്ളി പ്രദേശം മുതല്‍ മുണ്ടേരിപുഴ വരെ വ്യാപിച്ചു കിടക്കുന്ന തണ്ണീര്‍ത്തടത്തെകുറിച്ചും അവിടത്തെ വംശനാശം നേരിടുന്ന ജീവികളെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് പഠനം. കാട്ടാമ്പള്ളിയിലെ തണ്ണീര്‍ത്തടങ്ങള്‍ റാംസര്‍ കണ്‍വെന്‍ഷന്‍ കരാര്‍ പ്രകാരമുള്ള പരിരക്ഷിത പ്രദേശമായി മാറാന്‍ അര്‍ഹതയുള്ളവയാണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കാട്ടാമ്പള്ളി പുഴ പോലെ കേരളത്തിലെ എല്ലാ നദികളും നദീതടങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങളും പ്ലാസ്റ്റിക് നിരോധനവും നദികളുടെ സംരക്ഷണവുമെല്ലാം പ്രകൃതിയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളവയാണ്. പ്രകൃതി സംരക്ഷണത്തെകുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മേയര്‍ സുമ ബാലകൃഷ്ണന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് മുഖ്യാഥിതിയായി. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ പങ്കജാക്ഷന്‍, ജില്ലാ പഞ്ചായത്ത് അംഗം അജിത് മാട്ടൂല്‍, ഫിഷറീസ് വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാത്ത്, മാര്‍ക് സെക്രട്ടറി റോഷ്‌നാഥ് രമേശ്, മാര്‍ക് എക്‌സിക്യൂട്ടീവ് അംഗം മഹേഷ് ദാസ്, സി സുനില്‍ കുമാര്‍, വിദ്യാര്‍ത്ഥികള്‍, മാര്‍ക് ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു