ജില്ലാ ആശുപത്രി കീമോതെറാപ്പി യൂണിറ്റിന് ഒരു വയസ്

post

കൊല്ലം: ജില്ലാ ആശുപത്രിയില്‍ കീമോതെറാപ്പി യൂണിറ്റ് ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. വാര്‍ഷികാചരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.

സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണ്. അതുകൊണ്ടുതന്നെ സാമൂഹ്യ പ്രതിബദ്ധതയോടെ രോഗികള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കണം. ആരോഗ്യ രംഗത്തെ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.

2018 ഒക്‌ടോബര്‍ 10 നാണ് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ജില്ലാ ആശുപത്രിയില്‍ കീമോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. ഒരു വര്‍ഷത്തിനുള്ളില്‍ 2,529 രോഗികള്‍ക്ക് കീമോതെറാപ്പി നല്‍കി. കൂടാതെ 550 രോഗികള്‍ക്ക് കിടത്തി ചികിത്സയും ലഭ്യമാക്കി. ആര്‍സിസി, മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള 278 പേര്‍ക്കും ഇവിടെ കീമോതെറാപ്പി നല്‍കിവരുന്നുണ്ട്.

ഓംഗോളജി ഒ പി വിഭാഗത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഡോ അന്‍സാര്‍ സുഹദ് സേട്ടിനെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട്  ഡോ ഡി വസന്തദാസ് അധ്യക്ഷനായി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ വി അജിത, വിക്‌ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ സൈജു ഹമീദ്, ഡോ. സുമിത്ര നായര്‍, മറ്റ് ജീവനക്കാര്‍, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.