അര്‍ഹരായ ഒരാള്‍പോലും പദ്ധതിയില്‍ ഉള്‍പ്പെടാതെ പോകരുത്

post

ലൈഫ് മിഷന്‍ : മൂന്നാം ഘട്ട ഭവനനിര്‍മ്മാണ അവലോകന യോഗം നടന്നു
കൊല്ലം : ജില്ലയിലെ ലൈഫ് മിഷന്‍ മൂന്നാം ഘട്ട ഭവനനിര്‍മാണ അവലോകന യോഗം  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. അര്‍ഹരായ ഒരാള്‍പോലും പദ്ധതിയില്‍ ഉള്‍പ്പെടാതെ പോകരുതെന്ന് മന്ത്രി പറഞ്ഞു.  ജില്ലയില്‍ ഭൂരഹിത ഭവന രഹിതര്‍ ഉണ്ടാകരുതെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്.
കുറഞ്ഞ സമയത്തിനുള്ളില്‍ അടിയന്തരമായി വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കോര്‍പ്പറേഷന്‍  മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം.  ഡിവിഷന്‍, വാര്‍ഡ് തലങ്ങളില്‍ നേരിട്ടെത്തി ഗുണഭോക്താക്കളെ കണ്ട് സമയബന്ധിതമായി വീടുകള്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ  ആവശ്യകത മനസിലാക്കി നല്‍കണം. പട്ടികജാതി പട്ടികവര്‍ഗ,  മത്സ്യത്തൊഴിലാളി വിഭാഗങ്ങളില്‍പെട്ട ലൈഫ് ഗുണഭോക്താക്കളായ കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി വീടുകള്‍ പൂര്‍ത്തിയാക്കണം. കരുനാഗപ്പള്ളി മേഖലയില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണം. തീരദേശ നിയമലംഘന പരിധിയില്‍ ഉള്‍പ്പെട്ട് വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളി ഗുണഭോക്താക്കളുടെ കാര്യത്തില്‍ പഞ്ചായത്തുകള്‍ പ്രത്യേക പരിഗണന നല്‍കണം. കായല്‍ പരിധിയില്‍ 20 മീറ്റര്‍ ദൂരപരിധിയും കടല്‍ തീരത്തു നിന്ന് 50 മീറ്റര്‍ ദൂരപരിധിയുമാണ് ഭവനനിര്‍മാണത്തിന് നിശ്ചയിച്ചിരിക്കുന്നത്. ലൈഫ് മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളും ഭൂമി കണ്ടെത്തല്‍ പ്രവര്‍ത്തനങ്ങളും ഊര്‍ജിതപ്പെടുത്തുന്നതിനും പിഎംഎവൈ ലൈഫ് പദ്ധതിയുടെ അവലോകനവും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, സര്‍ക്കാരിന്റെ വികസനകാര്യ ഉപദേഷ്ടാവ് സി എസ് രഞ്ജിത്, ലൈഫ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ശരത്,  കോര്‍പറേഷന്‍ മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.