ശബരിമല തീര്‍ഥാടനം: വാഹനങ്ങള്‍ ഓട്ടോമാറ്റിക് നമ്പര്‍ ഡിറ്റക്ഷന്‍ സിസ്റ്റത്തിന്റെ നിരീക്ഷണത്തില്‍

post

കൊല്ലം: ശബരിമല തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തി ജില്ലയിലെ റൂറല്‍ പോലീസ് അതിര്‍ത്തി കടക്കുന്ന വാഹനങ്ങളുടെ നമ്പരുകള്‍ രേഖപ്പെടുത്തുന്ന ഓട്ടോമാറ്റിക് നമ്പര്‍ ഡിറ്റക്ഷന്‍ സംവിധാനം ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. ശബരിമലയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

നിലയ്ക്കല്‍, ഏനാത്ത്, ചന്ദനത്തോപ്പ്, ആര്യങ്കാവ്, കലഞ്ഞൂര്‍ എന്നിവിടങ്ങളില്‍ എത്തുന്ന വാഹനങ്ങളുടെ നമ്പരുകള്‍ ഈ സംവിധാനം വഴി രേഖപ്പെടുത്തപ്പെടും. ഇതുവഴി വാഹനങ്ങളുടെ മുഴുവന്‍ വിവരങ്ങളും ഉടനടി അറിയാന്‍ സാധിക്കും. സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പു തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്താന്‍ അതത് വകുപ്പുകള്‍ ശ്രദ്ധിക്കണം. 

ശബരിമലയിലേക്കുള്ള എല്ലാ റോഡുകളും സുരക്ഷിതമാണോയെന്നും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായോയെന്നും ബന്ധപ്പെട്ടവര്‍ പരിശോധിക്കണം. സുരക്ഷാ അറിയിപ്പ് ബോര്‍ഡുകള്‍, ദിശാഫലകങ്ങള്‍ എന്നിവ സ്ഥാപിക്കണം. അന്യസംസ്ഥാന തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ പ്രത്യേക പാര്‍ക്കിങ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കണം.

ഇടത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഉറപ്പു വരുത്തണം. ആരോഗ്യ വകുപ്പും ഫുഡ് സേഫ്റ്റി വകുപ്പും സംയുക്തമായി ഭക്ഷ്യശാലകള്‍ പരിശോധിക്കുകയും ഗുണനിലവാരം ഉറപ്പു വരുത്തകയും ചെയ്യണം. ഭക്ഷണങ്ങളുടെ വിലയും തൂക്കവും പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്ന് ലീഗല്‍ മെട്രോളജി വിഭാഗം പരിശോധിക്കണം. ചായ എട്ട് രൂപ, കാപ്പി എട്ട് രൂപ, കടുംകാപ്പി/ചായ ആറ് രൂപ, നെയ്‌റോസ്റ്റ് 30 രൂപ എന്നിവ ഒഴികെയുള്ളവയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ വില തുടരും.

കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ ഭാഗങ്ങളില്‍ തീര്‍ഥാടകര്‍ ഭക്ഷണം പാകം ചെയ്യുന്നതും മറ്റും കാട്ടുതീയ്ക്ക് കാരണമാവും എന്നതിനാല്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണം. മൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കാന്‍ റാപ്പിഡ് ആക്ഷന്‍ ടീമിന്റെ സേവനം ഊര്‍ജിതമാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന സ്ഥലങ്ങളില്‍ കച്ചവടക്കാര്‍ മാലിന്യം നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ശുചിത്വഹരിത മിഷനുകളുമയി സഹകരിച്ച് ശുചിത്വ ബോധവത്കരണവും വിവിധഭാഷാ ലഘുലേഖാ വിതരണവും നടത്തണം. എക്‌സൈസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡുകളുടെ പരിശോധന ശക്തമാക്കണം.

റൂറല്‍ എസ് പി ഹരിശങ്കര്‍, എ ഡി എം പി.ആര്‍. ഗോപാലകൃഷ്ണന്‍, പുനലൂര്‍ ആര്‍ ഡി ഒ ബി.രാധാകൃഷ്ണന്‍, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ ഐ ജ്യോതിലക്ഷ്മി, ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍ അനില്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.