പഴകുറ്റി – മംഗലപുരം രണ്ടുവരി പാത നവീകരണം അതിവേഗം പൂർത്തിയാക്കും

post

തിരുവനന്തപുരം: പഴകുറ്റി – മംഗലപുരം രണ്ടുവരി പാത നവീകരണം അതിവേഗം പൂർത്തിയാക്കുമെന്നു പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡ് നിർമാണം നാടിന്റെ ഭാവി വികസന മുന്നേറ്റത്തിൽ നാഴികക്കല്ലാകുമെന്നും അദ്ദേഹം പറഞ്ഞു. റോഡിന്റെ ആദ്യ ഘട്ട നിർമാണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നെടുമങ്ങാട് മുനിസിപ്പാലിറ്റി, ആനാട്, വെമ്പായം, മാണിക്കൽ, പോത്തൻകോട്, അണ്ടൂർക്കോണം, മംഗലാപുരം ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡിന് ആകെ 19.8 കിലോമിറ്റർ നീളമാണുള്ളത്. പഴകുറ്റി മുതൽ മുക്കംപാലമൂട് വരെയുള്ള 7.02 കിലോമീറ്റർ പാതയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ 120.95 കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടെ പുനരുദ്ധാരണം നടത്തുന്ന പഴകുറ്റി – മംഗലപുരം റോഡിന്റെ ആദ്യ ഭാഗമാണിത്.
ഒന്നാംഘട്ടമായ ഏഴു കിലോമീറ്റർ വരുന്ന പഴകുറ്റി മുതൽ മുക്കംപാലമൂട് വരെയുള്ള ഭാഗത്തിന് 42.54 കോടി രൂപയുടെ സാങ്കേതികാനുമതി നൽകിയിട്ടുണ്ട്. റോഡിന്റെ പുനരുദ്ധാരണം നടക്കുന്നതോടെ നെടുമങ്ങാട് പട്ടണത്തിലെയും പരിസര പ്രദേശങ്ങളിലേയും യാത്രാ ക്ലേശം പരിഹരിക്കുന്നതിനും സ്ഥലത്തെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
റോഡ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കോവിഡ് പശ്ചാത്തലത്തിലും ചുരുങ്ങിയ വേളയിൽ വിപുലമായ വികസന പ്രവർത്തനങ്ങൾ സർക്കാർ നടത്തുകയാണെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.