ജില്ലാ ഭരണകൂടം ഊരുകളിലേക്ക് പരിപാടിക്ക് തുടക്കം

post

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍

കൊല്ലം: കുളത്തൂപ്പുഴയിലെ ആദിവാസി സങ്കേതങ്ങളില്‍ പ്രതീക്ഷ പകര്‍ന്ന് ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ഊരുകളിലേക്ക് പരിപാടിക്ക് തുടക്കമായി. പെരുവഴിക്കാല  ഊരിലെത്തിയ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിനെ ഊരുകൂട്ടത്തിന് വേണ്ടി മൂപ്പന്‍ ബാബു കാണി പൂക്കൂട നല്‍കി സ്വീകരിച്ചു. ഊരിലേക്കുള്ള റോഡുകളുടെ ശോച്യാവസ്ഥയും വന്യമൃഗങ്ങളുടെ ആക്രമണം മൂലമുള്ള കൃഷിനാശവുമായിരുന്നു മൂപ്പന് പ്രധാനമായും കലക്ടറോട് പറയാനുണ്ടായിരുന്ന പരാതി. കാട്ടാനയും കാട്ടുപോത്തും  ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യം ഒഴിവാക്കണം.

വനത്തിനുള്ളിലെ റോഡ് നിര്‍മാണത്തിന് വനംവകുപ്പിന്റെ അനുമതി വാങ്ങിയെടുക്കുന്നതിലെ കാലതാമസമാണ് പ്രധാന തടസമെന്ന് മൂപ്പന്‍ പറഞ്ഞു.         വിഷയം പരിശോധിച്ച ജില്ലാ കലക്ടര്‍ വനാവകാശ നിയമപ്രകാരം വികസന അവകാശത്തില്‍ ഉള്‍പ്പെടുത്തി, പെരുവഴിക്കാല സങ്കേതത്തിലേക്കുള്ള റോഡ്,      രണ്ടാം മൈല്‍ റോഡ് എന്നിവ നിര്‍മിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍, എം പി, എം എല്‍ എ ഫണ്ടുകള്‍ എന്നിവ ഇതിനായി വിനിയോഗിക്കും. കാട്ടുമൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിന് വൈദ്യുതിവേലി നിര്‍മിക്കുന്നതിനുള്ള നടപടികളും ത്വരിതപ്പെടുത്തണം.

തുടര്‍ന്ന് വിവിധ വീടുകളില്‍ സന്ദര്‍ശനം നടത്തിയ ജില്ലാ കലക്ടര്‍ ജീവിത സാഹചര്യങ്ങള്‍ നേരിട്ട് മനസിലാക്കി. തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പ്രാദേശിക സാഹചര്യത്തിന് അനുസൃതമായ   പദ്ധതികളും നടപ്പിലാക്കും. വനവിഭവങ്ങളുടെ വിപണനത്തിന് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. പ്രകൃതി സൗഹൃദ വസ്തുക്കളുടെ നിര്‍മാണത്തിലും പരിശീലനം നല്‍കും. ഇതിനായി പട്ടികവര്‍ഗ വികസന വകുപ്പ്, കുടുംബശ്രീ, ശുചിത്വമിഷന്‍ തുടങ്ങിയവയുടെ ഏകോപനം സാധ്യമാക്കും.

രാവിലെ അന്‍പതേക്കര്‍ കമ്യൂണിറ്റി ഹാളില്‍ ആരംഭിച്ച മെഡിക്കല്‍ ക്യാമ്പില്‍ ഇരുന്നൂറോളം പേര്‍ ചികിത്സതേടി. ഒരു മൊബൈല്‍ ക്ലിനിക്കല്‍ യൂണിറ്റ്, അഞ്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 25 അംഗ മെഡിക്കല്‍ സംഘം ക്യാമ്പിന് നേതൃത്വം നല്‍കി. മരുന്നുകളും സൗജന്യമായി നല്‍കി. തുടര്‍ന്ന് ട്രൈബല്‍ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികളുമായി ജില്ലാ കലക്ടര്‍ മുഖാമുഖം നടത്തി. കലാപ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് കലക്ടര്‍ സമ്മാനങ്ങളും നല്‍കി.