കൊറോണ: സ്വകാര്യ ആശുപത്രികളിലും ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കും

post

തൃശൂര്‍: നോവല്‍ കൊറോണ വൈറസിനെ നേരിടുന്നതിനായി സ്വകാര്യ ആശുപത്രികളിലും ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വകാര്യ ആശുപത്രി ഉടമകളുടെ യോഗത്തില്‍ തീരുമാനം. ഇതിന്റെ വിവരം ജില്ലാ ഭരണകൂടത്തിന് ലഭ്യമാക്കും.

ചൈനയില്‍നിന്നും മറ്റും എത്തുന്നവരുടെ വിവരങ്ങള്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്ന് മന്ത്രി പറഞ്ഞു. ചൈനയില്‍നിന്ന് വരുന്നവരെ കണ്ടുപിടിക്കുക എന്നതാണ് ഏറ്റവും പ്രധാനം. രോഗലക്ഷണം ഉണ്ടെങ്കില്‍ അവരെ ആശുപത്രിയില്‍ ഐസോലേറ്റ് ചെയ്ത് സ്രവ സാമ്പിള്‍ പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണമെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സ്വകാര്യ ലാബുകളിലെ പരിശോധന കൊറോണ രോഗനിര്‍ണ്ണയത്തില്‍ ആധികാരികമായി എടുക്കാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

ചികിത്സാ പെരുമാറ്റച്ചട്ടം, റഫര്‍ ചെയ്യല്‍, ഐസോലേഷന്‍ എന്നിവ സ്വകാര്യ ആശുപത്രികള്‍ ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ബോര്‍ഡുമായി ആലോചിച്ച് ചെയ്യണമെന്ന് യോഗത്തില്‍ അധികൃതര്‍ വ്യക്തമാക്കി. ഗുരുതരമായ കേസുകള്‍ മാത്രം, മെഡിക്കല്‍ കോളജില്‍ മുന്‍കൂര്‍ അറിയിപ്പ് നല്‍കി മാത്രമേ റെഫര്‍ ചെയ്യാവൂ എന്നാണ് സ്വകാര്യ ആശുപത്രികള്‍ക്കുള്ള നിര്‍ദേശം.

സ്വകാര്യ മേഖലയിലുള്ള ആശുപത്രി ജീവനക്കാര്‍ക്ക് ജില്ലയെ നാല് മേഖലകളാക്കി തിരിച്ച് പരിശീലനം നല്‍കാന്‍ യോഗം തീരുമാനിച്ചു. ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പുറമെ അറ്റന്‍ഡര്‍മാര്‍, സെക്യൂരിറ്റി, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ഉള്‍പ്പെടെ ശനിയാഴ്ചയോടെ പരിശീലനം നല്‍കും. രോഗികളെ സ്വകാര്യ ആശുപത്രികളില്‍നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതില്‍ കര്‍ശനമായ ശുചിത്വ പെരുമാറ്റച്ചട്ടം പാലിക്കണം. രോഗിയെ കൊണ്ടുവരുന്ന ആംബുലന്‍സ് അണുവിമുക്തമാക്കി മാത്രമേ തിരിച്ചുവിടൂ. സ്വകാര്യ ആശുപത്രികള്‍ അവര്‍ക്ക് ലഭ്യമാവുന്ന വിവരങ്ങള്‍, രോഗിയുടെ യാത്രയുടെ ചരിത്രമടക്കം ആരോഗ്യവകുപ്പിന് കൈമാറണമെന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ അറിയിച്ചു.

ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ യോഗവും പ്രത്യേകമായി ചേര്‍ന്നു. ഓരോ വകുപ്പുകളും ചെയ്യേണ്ട ചുമതലകള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വിഭജിച്ചു നല്‍കി. 14 മേഖലകളിലായി നേതൃത്വം നല്‍കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നല്‍കി. വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ വരുന്ന അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ക്ക് സുരക്ഷാ പരിശീലനം നല്‍കും. ഹോം ക്വാറന്‍ൈറനില്‍ കഴിയുന്ന കുടുംബങ്ങളുടെ സഹായത്തിന് ഇവരുടെ സേവനം ഉപയോഗപ്പെടുത്തും. സര്‍ക്കാര്‍ ഓഫീസുകള്‍ പോലുള്ള പൊതുഇടങ്ങളില്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡം ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ തീരുമാനിക്കും. സ്‌കൂളുകള്‍, അങ്കണവാടികള്‍, കോളജുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ നിരീക്ഷണത്തിലുള്ള കുടുംബത്തിലാണെങ്കില്‍ അവര്‍ക്ക് 28 ദിവസത്തെ ഹോം ക്വാറന്‍ൈറന്‍ ബാധകമാക്കാന്‍ നിര്‍ദേശം നല്‍കി. ഇതുമൂലമുള്ള ഹാജര്‍ നഷ്ടത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.