കോവിഡ് പ്രതിരോധം : പുനലൂരില്‍ അവശ വിഭാഗങ്ങള്‍ക്ക് വീടുകളില്‍ വാക്സിനേഷന്‍

post

കൊല്ലം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനലൂര്‍ നഗരസഭയില്‍  അവശ വിഭാഗങ്ങള്‍ക്ക് വീടുകളിലെത്തി വാക്സിനേഷന്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നഗരസഭാ പരിധിയിലെ 60 വയസ്സിനു മുകളില്‍ പ്രായമുള്ള അവശത അനുഭവിക്കുന്നവര്‍ക്കാണ് വീടുകളില്‍ വാക്സിന്‍ ലഭ്യമാക്കുന്നത്. പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ നഴ്സുമാരും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും നേതൃത്വം നല്‍കും. ഒരു വാര്‍ഡില്‍ 25 പേര്‍ക്ക് വീതം  വാക്സിന്‍ നല്‍കും. ആരംപുന്ന, പത്തേക്കര്‍, പ്ലാച്ചേരി, മൈലക്കല്‍ വാര്‍ഡുകളില്‍ ഈ വിഭാഗത്തിലെ നൂറുപേര്‍ക്ക് ഇതിനോടകം വാക്സിന്‍ നല്‍കി. പുനലൂര്‍ താലൂക്ക് ആശുപത്രി, നെഹ്‌റു മെമ്മോറിയല്‍ ബില്‍ഡിംഗ് എന്നിവിടങ്ങളില്‍ ആണ് നിലവില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഉള്ളത്. പ്രായമായവര്‍ക്കും ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്കും ഇവിടെയെത്തുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് വീടുകളില്‍ ചെന്നു വാക്സിന്‍ നല്‍കുന്നതെന്ന് ചെയര്‍പേഴ്സണ്‍ നിമ്മി എബ്രഹാം പറഞ്ഞു.

പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത കടയ്ക്കാമണ്‍ കോളനിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. 26 രോഗികളാണ് നിലവില്‍ കോളനിയില്‍ ഉള്ളത്. കുരിയോട്ടുമലയില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സിയില്‍ 25 പേര്‍  ചികിത്സയിലുണ്ട്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനു വാര്‍ഡുതല സമിതികളുടെയും ആര്‍.ആര്‍.ടികളുടെയും പ്രവര്‍ത്തനം വിപുലപ്പെടുത്തി. വാര്‍ഡുതല സമിതിയിലെ അംഗങ്ങളെ അഞ്ചുപേര്‍ വീതം അടങ്ങുന്ന പത്ത് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത്. പോസിറ്റീവ് ആയവരെ കണ്ടെത്തി കൃത്യമായി ക്വാറന്റൈനില്‍ ഇരുത്തുകയും പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നത്. കോളനിയില്‍ മാത്രമായി നാല് തവണ ആന്റിജന്‍ പരിശോധന നടത്തി. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന്‍ നടപ്പാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിന്റെ ഭാഗമായി ടി.പി.ആര്‍. പൂജ്യത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതായി പഞ്ചായത്ത് സെക്രട്ടറി ഈശ്വരദാസ് പറഞ്ഞു.