വൃക്കരോഗികള്‍ക്ക് ആശ്വാസമായി 'തണല്‍'

post

ജില്ലാ ആശുപത്രിയിലേക്ക് ആറ് ഡയാലിസിസ് യൂണിറ്റുകള്‍

കൊല്ലം : ജില്ലാ ആശുപത്രിയിലേക്ക് ആറ് ഡയാലിസിസ് യൂണിറ്റുകള്‍ നല്‍കി സന്നദ്ധ സംഘടനായായ 'തണല്‍.' ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ തുടങ്ങിവച്ച സംരംഭം കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സൗകര്യം ലഭ്യമാക്കിയത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ വൃക്ക മാറ്റിവയ്ക്കല്‍ സാധ്യമാക്കുന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.

ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റ് ആണ് തണല്‍ വൃക്കപരിരക്ഷണ പദ്ധതിയുടെ ഭാഗമായി വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ വിവിധ ജില്ലകളില്‍ നടത്തുന്നത്. ഡയാലിസിസ് യൂണിറ്റുകളുടെ നിര്‍മാണം വിവിധ പ്രദേശങ്ങളിലായി പുരോഗമിക്കുന്നു. ഇവ ആവശ്യാനുസരണം അര്‍ഹതപ്പെട്ട മേഖലകളില്‍ ലഭ്യമാക്കും.

നിലവില്‍ മൂന്നേകാല്‍ ലക്ഷം രൂപയ്ക്കാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി വരുന്നത്. ദാതാവ് ലഭ്യമായവര്‍ക്ക് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി പദ്ധതി കണ്‍വീനറായ ദാസ് വ്യക്തമാക്കി.

ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തില്‍ പുതിയ സംരംഭത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ മുഖ്യാതിഥിയായി. ഡോ. വസന്ത ദാസ്, ഡോ. വി. അജിത, ഡോ. ഡോ. സൗമ്യ, തണല്‍ ഭാരവാഹികളായി ഇര്‍ഫാന്‍, ഡോ. അശോക് ശങ്കര്‍, ഡോ. ജേക്കബ് ജോണ്‍, ഡോ. സൈജു ഹമീദ്, നാസര്‍ കൊച്ചാണ്ടിശ്ശേരില്‍, യു.ഷാഹിര്‍, ആര്‍.എസ്. അബ്ദുല്‍ സലാം തുടങ്ങിയവര്‍ പങ്കെടുത്തു.