നീണ്ടകര കേന്ദ്രീകരിച്ച് ബോട്ട് നിര്‍മാണ യാഡ് ഉടന്‍: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

post

കൊല്ലം : നീണ്ടകര ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് ഈ വര്‍ഷംതന്നെ ബോട്ട് നിര്‍മാണ യാഡിന് തുടക്കം കുറിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ . യമഹ മോട്ടോര്‍ കമ്പനിയുമായി സഹകരിച്ച് നിര്‍മിച്ച ഫൈബര്‍ വള്ളത്തിന്റെ പരീക്ഷണ ഓട്ടം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. മത്സ്യത്തൊഴിലാളികള്‍ക്ക് യാനങ്ങള്‍ സ്വന്തമാക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്ന ജോയിന്റ് ലയബലിറ്റി സംഘങ്ങള്‍ക്ക് തുടക്കം കുറിക്കും. ഇതുസംബന്ധിച്ച് വരുന്ന ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാകും. സംഘാംഗങ്ങള്‍ എല്ലാവരും ഒരുമിച്ച് തിരിച്ചടവ് നല്‍കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക. എല്ലാവരും വിഹിതം അടക്കുന്നതോടെ വളരെ വേഗം യാനങ്ങള്‍ സംഘത്തിന് സ്വന്തമാക്കാന്‍ സാധിക്കും. വായ്പയുടെ പലിശ സര്‍ക്കാര്‍ നല്‍കും. അതുകൊണ്ട് അധികബാധ്യത ഉണ്ടാകില്ല.
ഹാര്‍ബറുകളില്‍ ബോട്ടുകളില്‍ നിന്ന് മത്സ്യങ്ങള്‍ വാഹനങ്ങളിലേക്ക് കയറ്റുന്നതിന് അത്യാധുനിക ക്രെയിന്‍ സംവിധാനങ്ങളും ആധുനിക സ്റ്റോറോജ് സംവിധാനങ്ങളും ഒരുക്കും. ലഭ്യമാകുന്ന മത്സ്യങ്ങളുടെ 30 ശതമാനംവരെ നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് ഇതോടെ വിരാമമാവും. തുടക്കത്തില്‍ ഫൈബര്‍ വള്ളങ്ങളാണ് നിര്‍മിക്കുക. മത്സ്യഫെഡ് യമഹ കമ്പനിയുമായി സഹകരിച്ചാണ് നിര്‍മാണം. രണ്ട് എഞ്ചിനുകളോട് കൂടി 30 അടി നീളത്തിലാണ് വള്ളങ്ങള്‍ നിര്‍മിക്കുന്നത്. മറൈന്‍ പ്ലൈവുഡ്, ഫൈബര്‍ ഗ്ലാസുകള്‍, തടി എന്നിവയ്ക്ക് പകരമായി സുരക്ഷിതമായ വള്ളങ്ങള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. മത്സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍ അധ്യക്ഷത വഹിച്ചു. യമഹ കമ്പനിയുടെ ബോട്ട് നിര്‍മാണ വിഭാഗം ജനറല്‍ മാനേജര്‍ സുസുകി ഷിഗനോറി, കമ്പനി പ്രതിനിധികളായ കോയാനാഗി, ടോഗെ, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സേതുലക്ഷ്മി, മത്സ്യഫെഡ് ബോര്‍ഡ് അംഗങ്ങളായ ജി രാജദാസ്, ടി മനോഹരന്‍, സബീന സ്റ്റാന്‍ലി, മാനേജിങ് ഡയറക്ടര്‍ ലോറന്‍സ് ഹരോള്‍ഡ്, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി കെ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.