സാക്ഷരതയുടെ നിറവില്‍ 'ഹോപ്പു'മായി കേരളാ പൊലീസ്

post

തൃശൂര്‍: സാക്ഷരതയുടെ നിറവില്‍ പ്രതീക്ഷകള്‍ കൈവിടാതെ 'ഹോപ്പ്' പദ്ധതിയുമായി കേരള പൊലീസ്. ഹൈസ്‌കൂള്‍ തലത്തില്‍ പാതി വഴിയില്‍ പഠനം നിര്‍ത്തിയ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ഹോപ്പിലൂടെ ഭാഷാപരിജ്ഞാനത്തിനും തൊഴിലധിഷ്ഠിത പരിശീലനത്തിനും അനുയോജ്യമായ വിധത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നല്‍കുകയാണ് ലക്ഷ്യം. ഹോപ്പ് ലേണിംഗ് സെന്ററുകള്‍ തൃശ്ശൂര്‍ സിറ്റി ആന്‍ഡ് റൂറല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും യൂണിസെഫിന്റെയും സഹായത്തോടെ കേരള പൊലീസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സാമൂഹ്യ ക്ഷേമപദ്ധതിയാണ് ഹോപ്പ്.

'ഹെല്‍പ്പിംഗ് അതേര്‍സ് ടു പ്രൊമോട്ട് എഡ്യുക്കേഷന്‍' എന്ന ആപ്തവാക്യത്തോടെ ആരംഭിച്ച പദ്ധതിയിലൂടെ കുറ്റകൃത്യങ്ങളില്‍ നിന്നും ലഹരി ഉപയോഗിക്കുന്നതില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുകയാണ് ലക്ഷ്യം. ഹൈസ്‌കൂള്‍ തലത്തില്‍ പഠനം നിര്‍ത്തിയത് കൂടാതെ 14 നും 18 നും ഇടയില്‍ പ്രായമുള്ള 10ാം ക്ലാസ്സ് പരീക്ഷയില്‍ പരാജയപ്പെട്ടവരെ വിദഗ്ദ പരിശീലനത്തിലൂടെ പരീക്ഷയില്‍ വിജയിക്കാന്‍ പ്രാപ്തരാക്കുകയാണ് ഹോപ്പ് ലേര്‍ണിംഗ് സെന്ററുകള്‍.

2017-18 വര്‍ഷത്തില്‍ ആലപ്പുഴ, എറണാകുളം, കോട്ടയം, കോഴിക്കോട് എന്നിങ്ങനെ നാല് ജില്ലകളിലായി പഠനം നിര്‍ത്തിയ 140 കുട്ടികളെ കണ്ടെത്തി വിവിധ ഇടപെടലുകളിലൂടെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി പരിശീലനം നല്‍കി 115 കുട്ടികള്‍ എസ്.എസ്.എല്‍.സി. പരീക്ഷ വിജയിച്ച് ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യത നേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പദ്ധതി വിപുലീകരിക്കുന്നതിനുള്ളള നടപടി സ്വീകരിച്ചത്. കുട്ടികളില്‍ ഭാഷാ പരിജ്ഞാനം ഉണ്ടാക്കിയെടുക്കുന്നതിനൊപ്പം ഗാര്‍ഹികവും സാമൂഹികവുമായ ഉത്തരവാദിത്വം ഉറപ്പു വരുത്തുകയും കൗമാര കുറ്റകൃത്യങ്ങള്‍, ലഹരിയുടെ ഉപയോഗം തുടങ്ങിയ അനാരോഗ്യകരമായ പ്രവണതകളില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

ജില്ലയില്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പഴയ നടക്കാവില്‍ സിറ്റി ഹോപ്പ് ലേണിംഗ് സെന്ററും ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനില്‍ റൂറല്‍ ഹോപ്പ് ലേണിംഗ് സെന്ററും സ്ഥാപിച്ചു. നിലവില്‍ സിറ്റി ലേണിംഗ് സെന്ററില്‍ 18 വിദ്യാര്‍ത്ഥികളും ഒരു അദ്ധ്യാപികയും റൂറല്‍ ലേര്‍ണിംഗ് സെന്ററില്‍ 40 വിദ്യാര്‍ത്ഥികളും അഞ്ച് അദ്ധ്യാപകരുമാണ് ഉള്ളത്. സംസ്ഥാന സാക്ഷരതാ മിഷന്‍ തുല്യതാ പരീക്ഷ, എന്‍ഐഒഎസ് എന്നീ രണ്ട് ബോര്‍ഡുകളുടെ അംഗീകാരത്തോടെയാണ് ഹോപ്പിലൂടെ പരീക്ഷ എഴുതുന്നത്. പത്താം ക്ലാസ്സില്‍ പരാജയപ്പെട്ട വിഷയങ്ങള്‍ മാത്രം എഴുതുന്നതിന് കേരള സിലബസ് മുഖേനയും സാധിക്കും. ഹോപ്പിന്റെ ഭാഗമായി പരിശീലനം നേടുന്നതിന് അടയ്ക്കുന്ന 2500 രൂപ രജിസ്‌ട്രേഷന്‍ ഫീസ് പരീക്ഷ വിജയിച്ചതിന് ശേഷം തിരിച്ചു നല്‍കും. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി ബ്രിഡ്ജ് കോഴ്‌സ് ഉള്‍പ്പെടെ മോട്ടിവേഷന്‍ ക്ലാസുകള്‍, കൗണ്‍സിലിംഗ്, ലേണിംഗ് സെന്ററുകളിലെ അദ്ധ്യാപകര്‍ക്ക് ജില്ലാതല ദ്വിദിന പരിശീലനം, ദ്വിദിന സൈക്കോ സോഷ്യല്‍ പരിശീലനം, ദ്വിദിനമെന്ററിംഗ് പരിശീലനം, അര്‍ഹരായ കുട്ടികളെ കണ്ടെത്തുന്നതിന് ജില്ലയിലെ ബീറ്റ് ഓഫീസര്‍മാര്‍, ജനമൈത്രി കമ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍മാര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്കായുള്ള ഓറിയന്റേഷന്‍ ക്ലാസുകളും നടത്തി വരുന്നുണ്ട്. വകുപ്പുതലത്തില്‍ ജനമൈത്രി ബീറ്റ് ഓഫീസേര്‍സും മറ്റ് കോളേജ് അദ്യാപകരും എം.എസ്.ഡബ്ല്യു, സൈക്കോളജി വിദ്യാര്‍ത്ഥികളും തവനിഷ് സാമൂഹികസേവന സംഘടനയും മോട്ടിവേഷന്‍ ക്ലാസ്സുകള്‍ നല്‍കി വരുന്നുണ്ട്. കൂടാതെ സര്‍ക്കാര്‍ ധനസഹായങ്ങള്‍ക്ക് പുറമെ പദ്ധതിയ്ക്ക് ആവശ്യമായ കൂടുതല്‍ ധനസഹായങ്ങള്‍ സ്വരൂപിക്കുന്നതിനും കുട്ടികള്‍ക്ക് ആവശ്യമായ യൂണിഫോം, മറ്റ് പഠനസാമഗ്രികള്‍ ലഭ്യമാക്കുന്നതിനും ലേണിംഗ് സെന്ററുകളില്‍ ഹോപ്പ് നോഡല്‍ ഓഫീസര്‍, ഹോപ്പ് ജില്ലാ കോര്‍ഡിനേറ്റര്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഉദ്യോഗസ്ഥര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍, ജെ.സി.ഐ, റോട്ടറി, ലയണ്‍സ് ക്ലബ്ബ് തുടങ്ങിയ സന്നദ്ധ സംഘടനകളും ചേര്‍ന്ന ഹോപ്പ് കമ്മിറ്റിയും രൂപീകരിച്ചു. ജില്ലയില്‍ 2019 ഒക്ടോബര്‍ രണ്ടിന് സിറ്റി ഹോപ്പ് ലേണിംഗ് സെന്ററും നവംബര്‍ 18 ന് റൂറല്‍ ഹോപ്പ് ലേണിംഗ് സെന്ററും പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം ഐജി പി. വിജയനാണ് ഹോപ്പ് എന്ന ആശയം ആദ്യമായി കൊണ്ടുവന്നത്.