മുട്ട ഉല്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി

post

കൊല്ലം : മുട്ട ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുകയാണ്  ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരള പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ വഴി നടപ്പാക്കാനാകും എന്ന് കെപ്കോ ആശ്രയ പദ്ധതിയുടെ അലയമണ്‍ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം നിര്‍വഹിക്കവേ മന്ത്രി വ്യക്തമാക്കി. മുട്ട, ഇറച്ചി തുടങ്ങിയവയ്ക്കായി കേരളം മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി ഒഴിവാക്കുന്നതിനായി ഉല്പാദനം വര്‍ധിപ്പിക്കും. ആശ്രയ പദ്ധതിയിലൂടെ മുട്ടക്കോഴി കുഞ്ഞുങ്ങളെയും കോഴി തീറ്റയും ഓരോ ഗുണഭോക്താവിനും നല്‍കും. പഞ്ചായത്തിലെ 1244 വിധവകളായ ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. ഒരു ഗുണഭോക്താവിന് 10 കോഴിയും മൂന്ന് കിലോ തീറ്റയും മരുന്നും സൗജന്യമായി നല്‍കുകയാണ്. 17,41,600 രൂപയാണ് മൊത്തം ചെലവ് എന്നും മന്ത്രി പറഞ്ഞു.

അലയമണ്‍ ഗ്രാമ പഞ്ചായത്തിലെ 11 വാര്‍ഡുകളിലൂടെ കടന്നു പോകുന്ന ആലഞ്ചേരി-ഓന്തുപച്ച റോഡിന്റെ നിര്‍മാണം, പുത്തയം സ്റ്റേഡിയം നവീകരണം, ബഡ്സ് സ്‌കൂളിന് പുതിയ കെട്ടിടം എന്നീ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രസിഡന്റ് അസീന മനാഫ് മന്ത്രിക്ക് നിവേദനം നല്‍കി. ആലഞ്ചേരി-ഓന്തുപച്ച റോഡിനായി 12 കോടിരൂപ കിഫ്ബി ധനസഹായം ഉള്ള നിലയ്ക്ക് പരിഹാരം കാണാനാകുമെന്ന് മന്ത്രി പറഞ്ഞു.

കരുകോണ്‍ മാര്‍ക്കറ്റ് മൈതാനത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന മനാഫ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം.മുരളി, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനീഷ്, അംഗം ഇ. കെ സുധീര്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍,  കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍  ഡോ. വിനോദ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.