അനര്‍ഹ മുന്‍ഗണനാകാര്‍ഡ്: 70.43 ലക്ഷം രൂപ പിഴ ഈടാക്കി

post

ഡാറ്റാമാപ്പിംഗിലൂടെ നാല് ലക്ഷത്തോളം കുടുംബങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വച്ച് റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റിയത് കണ്ടെത്തിയത് വഴി സെപ്റ്റംബര്‍ 30 വരെ 70.43 ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കിയതായി സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.

മുന്‍ഗണനാ പട്ടികയില്‍ നിന്ന് സ്വമേധയാ സറണ്ടര്‍ ചെയ്തതിനു പുറമെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായതുമായ റേഷന്‍ കാര്‍ഡുകള്‍ വകുപ്പുതല അന്വേഷത്തിലൂടെ പൊതുവിഭാഗത്തിലേക്കുമാറ്റി. വിവിധ വകുപ്പുകളില്‍ നിന്നും ലഭ്യമായ ഡാറ്റാ മാപ്പിംഗ് നടത്തി ഇതുവരെ നാല് ലക്ഷത്തോളം കുടുംബങ്ങളെ ഒഴിവാക്കി. ഇത്രയും കുടുംബങ്ങളെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.<br></p><p>മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ എ.എ.വൈ/പി.എച്ച്.എച്ച് വിഭാഗങ്ങളില്‍ തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത 58,712 കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കി. പകരം അദാലത്തുകള്‍ നടത്തി കണ്ടെത്തിയിട്ടുള്ള അര്‍ഹരായ കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

ഇങ്ങനെ ഒഴിവാക്കപ്പെടുന്ന കുടുംബങ്ങളില്‍ അര്‍ഹരായിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ആവശ്യമായ അന്വേഷണങ്ങള്‍ നടത്തി നിലവിലെ മാനദണ്ഡപ്രകാരം അര്‍ഹതയുണ്ടെന്ന് കാണുന്നപക്ഷം, മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള സാധ്യതാപട്ടികയില്‍ അര്‍ഹമായ സ്ഥാനം നല്‍കി ഉള്‍പ്പെടുത്തും.

മുന്‍ഗണനാ പട്ടികയുടെ ശുദ്ധീകരണം സംബന്ധിച്ച് ഊര്‍ജിത നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. വസ്തുതകള്‍ മറച്ചുവച്ച് മുന്‍ഗണനാപട്ടികയില്‍ കടന്നുകൂടിയ അനര്‍ഹര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും അനര്‍ഹമായി ഉള്‍പ്പെട്ട കാലയളവിലെ റേഷന്‍ വിഹിതത്തിന്റെ കമ്പോളവില ഈടാക്കുന്നതിനും ഉള്ള നടപടികള്‍ വകുപ്പു സ്വീകരിച്ചുവരുന്നതായും ഡയറക്ടര്‍ അറിയിച്ചു.