ജില്ലയ്ക്ക് 30 പച്ചത്തുരുത്തുകള്‍ കൂടി ; പദ്ധതിയ്ക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കമാകും

post

കണ്ണൂര്‍ :  ജില്ലയ്ക്ക് പച്ചപ്പിന്റെ പകിട്ടേകാന്‍ ഇത്തവണയൊരുക്കുന്നത് 30 പച്ചത്തുരുത്തുരുത്തുകള്‍. പച്ചത്തുരുത്തുകളുടെ നടീല്‍ ഉല്‍സവത്തിന് അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിക്കും. ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് പച്ചത്തുരുത്തുകള്‍ നട്ടുവളര്‍ത്തുക.

ജൂണ്‍ നാലിന് ചെങ്ങളായി പഞ്ചായത്തില്‍ നടക്കുന്ന പച്ചത്തുരുത്ത് നടീല്‍ ഉല്‍സവത്തോടെ ഈ വര്‍ഷത്തെ പ്രവൃത്തികള്‍ക്ക് തുടക്കമാവുമെന്ന് ഹരിത കേരളമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ സോമശേഖരന്‍ അറിയിച്ചു. പദ്ധതിയുടെ ജില്ലാതല ഔപചാരിക ഉദ്ഘാടനം ചെറുതാഴം പഞ്ചായത്തിലും കൂടാളി    പഞ്ചായത്തിലുമായി ജൂണ്‍ അഞ്ചിന് നടക്കും. ദേവ ഹരിതം പച്ചത്തുരുത്ത് നടീല്‍ ഉത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുതാഴം കുളപ്രം കാവില്‍   എം വിജിന്‍ എം എല്‍ എ നിര്‍വഹിക്കും. കൂടാളി പഞ്ചായത്തിലെ ചിത്രാരിയില്‍ നടക്കുന്ന പച്ചത്തുരുത്ത് നടീല്‍ ഉദ്ഘാടനം ജില്ലാ  പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിക്കും.

ജില്ലയില്‍ 36 പഞ്ചായത്തുകളിലായി 68 പച്ചത്തുരുത്തുകളാണ് നിലവിലുള്ളത്. ഏറ്റവും വലിയ  പച്ചത്തുരുത്തുകളുള്ളത് മുഴക്കുന്ന്, കടന്നപ്പള്ളി പഞ്ചായത്തുകളിലാണ്. കുറുമാത്തൂര്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ എണ്ണം പച്ചത്തുരുത്തുകള്‍. പച്ചത്തുരുത്തൊരുക്കിയതില്‍ വിസ്തീര്‍ണ്ണത്തില്‍ മുന്നില്‍ ചെറുതാഴം ഗ്രാമ പഞ്ചായത്താണ്. മുണ്ടേരി, ചെറുതാഴം പഞ്ചായത്തുകളില്‍ കണ്ടല്‍ പച്ചത്തുരുത്തുകളും വളരുന്നുണ്ട്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പച്ചത്തുരുത്തുകള്‍ ഒരുക്കുന്നത് മയ്യില്‍ ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ അഞ്ചിടങ്ങളിലായാണ് പച്ചത്തുരുത്തൊരുക്കുന്നത്. നാറാത്ത്, മുഴപ്പിലങ്ങാട്, എരഞ്ഞോളി പഞ്ചായത്തുകളില്‍ കണ്ടല്‍ പച്ചത്തുരുത്തുകളാണ്  ഒരുക്കുന്നത്. കൂടാളി, മുഴപ്പിലങ്ങാട് പഞ്ചായത്തുകളില്‍ മൂന്നും ചെങ്ങളായി, ചെറുതാഴം പഞ്ചായത്തുകളില്‍ രണ്ടും ചിറക്കല്‍, ആന്തൂര്‍ നഗരസഭ, മട്ടന്നൂര്‍ നഗരസഭ, കുറുമാത്തൂര്‍, കല്യാശ്ശേരി, നാറാത്ത്, കീഴല്ലൂര്‍, കടന്നപ്പള്ളി, പായം, പയ്യാവൂര്‍, പടിയൂര്‍, അഞ്ചരക്കണ്ടി, പന്ന്യന്നൂര്‍, കതിരൂര്‍, എരഞ്ഞോളി എന്നീ പഞ്ചായത്തുകളില്‍ ഒന്ന് വീതവും പച്ചത്തുരുത്തുകള്‍ ഒരുക്കും.

വനം വകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം നല്‍കുന്ന തൈകളും ജില്ലയിലെ പരിസ്ഥിതി സംഘടനകളും വ്യക്തികളും നല്‍കുന്ന അന്യം നിന്നുപോകാനിടയുള്ള വൃക്ഷങ്ങളുടെ തൈകളുമാണ് പച്ചത്തുരുത്തുകളില്‍ നട്ട് സംരക്ഷിക്കുക. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാങ്കേതിക സഹായത്തോടെയാണ് ജില്ലയില്‍ പച്ചത്തുരുത്തുകള്‍ ഒരുക്കുന്നത്. ജൈവവേലി നിര്‍മ്മാണം, തണലൊരുക്കല്‍ എന്നിവയും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്. വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം പച്ചത്തുരുത്തുകളിലെ ചെടികളുടെ വളര്‍ച്ച അടയാളപ്പെടുത്തുന്ന മൂല്യനിര്‍ണയം പച്ചത്തുരുത്തുകളുടെ നിര്‍വഹണത്തിന്റെ പ്രത്യേകതയാണ്. സംസ്ഥാന തലത്തിലുള്ള  വിദഗ്ധ സംഘമാണ് മൂല്യനിര്‍ണയം നടത്തുക.